ബംഗ്ലദേശ് കലുഷിതം; ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു

ബംഗ്ലദേശിൽ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്.

അതിനിടെ രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷൻ പറഞ്ഞു.

ആക്രമണസാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും കാവൽ നിൽക്കുകയാണ്. ധാക്കയിലെ ധാക്കേശ്വരി ദേശീയക്ഷേത്രം ആക്രമിക്കുന്നത് തടയാൻ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്‌ലിങ്ങളും കാവൽ നിൽക്കുകയാണെന്ന് പ്രദേശവാസികൾ ബംഗ്ലദേശ് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. കലാപം തുടരുന്ന ബംഗ്ലദേശിൽനിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽനിന്ന് ഡൽഹിയിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനം ധാക്കയിൽനിന്ന് പുറപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *