പോൺ താരത്തിന് പണം നൽകിയ കേസ്; അറസ്റ്റുണ്ടായേക്കുമെന്ന് ഡോണൾഡ് ട്രംപിന്

പോണ്‍ താരത്തിന് പണം നല്‍കിയെന്ന കേസില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ സാധ്യതയുണ്ടെന്ന് അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ ചൊവ്വാഴ്ച അറസ്റ്റുണ്ടായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിശ്വസ്തരിൽ നിന്ന് ചോർന്ന് കിട്ടിയ വിവരമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. എനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പക പോക്കലാണെന്നും ട്രംപ് ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്താൽ  അറസ്റ്റിനെതിരെ വൻ പ്രതിഷേധം സംഘടിപ്പിക്കണമെന്നും ട്രംപ് തന്റെ അനുയായികോളോട് ആവശ്യപ്പെട്ടു.

2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായി ഉണ്ടായിരുന്ന ബന്ധം പുറത്ത് പറയാതിരിക്കാനാണ് പണം നൽകിയതെന്നും ആരോപിക്കുന്നു. സ്വന്തം കൈയിൽ നിന്നല്ല, തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് പണം നൽകിയതെന്നാണ് ആരോപണം. അതേസമയം, പോൺ താരത്തിന് പണം നൽകിയെന്ന് ട്രംപ് സമ്മതിക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നല്ല, സ്വന്തം കൈയിൽ നിന്നാണ് പണം നൽകിയതെന്നും ട്രംപ് പറയുന്നു. ട്രംപിനെതിരെ കുറ്റം ചുമത്തിയാൽ മുൻ അമേരിക്കൻ പ്രസിഡന്റിനെതിരെ ചുമത്തുന്ന ആദ്യ ക്രിമിനൽ കേസായിരിക്കുമിതെന്ന പ്രത്യേകതയും കേസിനുണ്ട്. 

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ  മൊഴിയെടുക്കാനായി വിളിപ്പിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സ്ഥിരീകരിച്ചിരുന്നു. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയാണ് അഞ്ച് വർഷമായി ട്രംപിനെതിരെ അന്വേഷണം നടത്തിയത്. അതേസമയം, പോൺ താരവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന ആരോപണം ട്രംപ് നിഷേധിച്ചിരുന്നു. 

കഴിഞ്ഞ ദിവസമാണ് നിരോധനത്തിന് ശേഷം ട്രംപ് ഫേസ്ബുക്കിലും യൂ ട്യൂബിലും തിരിച്ചെത്തിയത്.  അയാം ബാക്ക് എന്നാണ് തിരിച്ചുവന്ന ട്രംപിന്റെ പോസ്റ്റ്. ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം ട്രംപിന് ഏർപ്പെടുത്തിയ നിരോധനത്തിന് ശേഷം ഇന്നലെയാണ് ട്രംപ് ഫേസ്ബുക്കിലെത്തിയത്. 

2016ലെ വിജയത്തിന് ശേഷം സംസാരിക്കുന്ന 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ യൂ ട്യൂബിൽ പോസ്റ്റ് ചെയ്തു കൊണ്ട് അയാം ബാക്ക് എന്ന് ട്രംപ് കുറിച്ചു. ഇതൊരു സങ്കീർണ്ണമായ ബിസിനസ് ആണെന്നും തനിക്ക് വേണ്ടി കാത്തിരിക്കേണ്ടി വന്നതിൽ ക്ഷമിക്കണമെന്നും ട്രംപ് പറയുന്നു. ഇന്നലെയാണ് യു ട്യൂബ് ട്രംപിനുള്ള നിരോധനം പിൻവലിക്കുന്നുവെന്ന് അറിയിച്ചത്. എന്നാൽ രണ്ടുമാസം മുമ്പ് തന്നെ ഫേസ്ബുക്ക് നിരോധനം പിൻവലിച്ചിരുന്നതായാണ് വിവരം. ഇന്ന് മുതൽ യു ട്യൂബിൽ പുതിയ കണ്ടന്റ് ഇടുന്നതിൽ എതിർപ്പില്ലെന്ന് യു ട്യൂബ് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *