നശിപ്പിക്കാൻ ശ്രമിച്ചവരിൽനിന്ന് രാജ്യത്തെ രക്ഷിച്ചതാണ് താൻ ചെയ്ത കുറ്റം: ട്രംപ്

രാജ്യം നാശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രതിചിത്ര നടിക്ക് പണം നൽകിയ കേസിൽ അറസ്റ്റിലായി പിന്നീട് പുറത്തിറങ്ങിയശേഷമാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. ഫ്ലോറിഡയിലെ മാർലാഗോയിലെ വസതിയിൽ മാധ്യമങ്ങളെയും അനുയായികളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ട്രംപ്.

2008ൽ രതിചിത്ര നടി സ്റ്റോമി ഡാനിയേൽസുമായുണ്ടായ വഴിവിട്ട ബന്ധം ഒതുക്കിത്തീർക്കാൻ 2016 ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് 1.30 ലക്ഷം ഡോളർ നൽകിയെന്നാണു കേസ്. 34 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച മൻഹാറ്റൻ കോടതിയിൽ ഹാജരായ ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ചവരിൽനിന്ന് നിർഭയമായി രാജ്യത്തെ രക്ഷിക്കാൻ ശ്രമിച്ചതാണ് താൻ ചെയ്ത ഒരേയൊരു കുറ്റമെന്നും ട്രംപ് പറഞ്ഞു. നമ്മുടെ നാടിനെ സംരക്ഷിക്കണമെന്നും അമേരിക്കയിൽ ഇങ്ങനെ ഒന്നു നടക്കുമെന്നു കരുതിയില്ലെന്നും അറസ്റ്റിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു.

നിലവിലെ ജോ ബൈഡൻ ഭരണകൂടത്തിനെതിരെ നിരവധി ആരോപണങ്ങൾ ട്രംപ് നിരത്തി. ”അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. നമ്മുടെ രാജ്യം നാശത്തിലേക്കു പൊയ്ക്കൊണ്ടിരിക്കുന്നു. തുറന്നിട്ട അതിർത്തിയും അഫ്ഗാനിസ്ഥാനിൽനിന്നുള്ള സൈനിക പിന്മാറ്റവും മൂലം ലോകം നമ്മളെ നോക്കി ചിരിക്കുകയാണ്” – അദ്ദേഹം കൂട്ടിച്ചേർത്തു.

”2024ലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ വേണ്ടിയാണ് ഈ വ്യാജ കേസ് കൊണ്ടുവന്നിരിക്കുന്നത്. അത് എത്രയും പെട്ടെന്ന് റദ്ദാക്കണം. പല ഡെമോക്രാറ്റ് അംഗങ്ങൾപ്പോലും പറയുന്നു ഇതിൽ കുറ്റമൊന്നും നടന്നിട്ടില്ലെന്ന്. ഇങ്ങനൊരു കേസ് പോലും വരേണ്ടതില്ലെന്നും. കേസ് നിലനിൽക്കില്ലെന്ന് മൻഹാറ്റൻ ഡിസ്ട്രിക്ട് അറ്റോർണി ആൽവിൻ ബ്രാഗിനും അറിയാം. അതുകൊണ്ടാണ് കേസ് ഒരു മാസം വൈകിപ്പിക്കാൻ അയാൾ കഴിഞ്ഞയാഴ്ച ശ്രമിച്ചതും. ട്രംപ് വിരുദ്ധനായ ജഡ്ജിയാണ് കേസ് പരിഗണിക്കുന്നത്” – ട്രംപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *