ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി; വധു പാക് യുവതി

മുംബയ് സ്‌ഫോടനക്കേസിൽ ഉൾപ്പടെ പങ്കുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായി. പാകിസ്ഥാനിലെ കറാച്ചിയിൽ ഒളിവിൽ കഴിയുന്ന ഭീകരൻ ഇത്തവണ പാക് യുവതിയെയാണ് വിവാഹം ചെയ്തത്. ദാവൂദിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്യാതെയാണ് ദാവൂദ് വീണ്ടും വിവാഹം ചെയ്തത്. ദാവൂദിനെ കുറിച്ചുള്ള ഈ വിവരങ്ങൾ എൻ ഐ എയ്ക്കാണ് ലഭിച്ചത്.

ദാവൂദ് ഇബ്രാഹിം പാകിസ്ഥാനി യുവതിയെ വിവാഹം കഴിച്ചതായി സഹോദരി ഹസീന പാർക്കറിന്റെ മകനാണ് എൻഐഎയോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ സെപ്തംബറിലാണ് ഈ വിവരം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. ഹസീന പാർക്കറിന്റെ മകൻ അലി ഷായുടെ മൊഴി പ്രകാരം അധോലോക നായകൻ തന്റെ ആദ്യ ഭാര്യ മെഹ്ജബീൻ ഷെയ്ഖിനെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ദാവൂദിന്റെ രണ്ടാം വിവാഹം മെഹജബീനിൽ നിന്ന് അന്വേഷണ ഏജൻസികളുടെ ശ്രദ്ധമാറ്റാനുള്ള ശ്രമമായി കണക്കാക്കുന്നു. കഴിഞ്ഞ ജൂലായിൽ ദുബായിൽ വച്ച് മെഹ്ജബീനെ കണ്ടപ്പോഴാണ് ദാവൂദിന്റെ രണ്ടാമത്തെ വിവാഹത്തെക്കുറിച്ച് അറിഞ്ഞതെന്ന് അലി ഷാ മൊഴി നൽകിയത്.

ഇന്ത്യയിലുള്ള ദാവൂദിന്റെ ബന്ധുക്കളുമായി മെഹ്ജബീൻ ഷെയ്ഖ് വാട്സ്ആപ്പ് കോളുകൾ വഴി ബന്ധം പുലർത്തുന്നുണ്ടെന്നും ഇയാൾ വെളിപ്പെടുത്തി.

പാകിസ്ഥാനിലെ കറാച്ചിയിൽ ഒളിവ് ജീവിതം നയിക്കുന്ന ദാവൂദിന്റെ ഓരോ ചലനങ്ങളും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ ശ്രദ്ധിക്കുന്നുണ്ട്. പാക് സർക്കാരിന്റെയും, ചാര സംഘടനയുടെയും സുരക്ഷാ വലയത്തിലാണ് ഭീകരൻ കഴിയുന്നത്. വിദേശത്ത് ഇരുന്നും ഇന്ത്യയിൽ ഇടപെടൽ നടത്താനുള്ള ദാവൂദിന്റെ ശ്രമങ്ങളെ പലതവണ സുരക്ഷാ ഏജൻസികൾ തടഞ്ഞിട്ടുണ്ട്. അടുത്തിടെയും ദാവൂദ് ഇബ്രാഹിമിന്റെ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുകയും കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *