ട്വിറ്ററിൽ ഇനി ദൈർഘ്യമേറിയ കുറിപ്പുകളും; മാറ്റങ്ങളുമായി  ഇലോൺ മസ്‌ക്

ട്വിറ്ററിൽ പുതിയ മാറ്റം പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. ട്വിറ്ററിൽ ഇനിമുതൽ ചെറു കുറിപ്പുകൾക്കു പകരം ദൈർഘ്യമേറിയ കുറിപ്പുകൾ പങ്കുവെക്കാൻ സാധിക്കുന്ന തരത്തിൽ മാറ്റം വരുത്തുമെന്ന് മസ്‌ക് വ്യക്തമാക്കി.

‘ട്വിറ്ററിൽ നീണ്ട കുറിപ്പുകൾ വൈകാതെ തന്നെ ട്വീറ്റ് ചെയ്യാൻ സാധിക്കും, നോട്ട് പാഡുകൾ സ്‌ക്രീൻ ഷോട്ടായി ഉപയോഗിക്കുന്നത് അവസാനിക്കും’, മസ്‌ക് ട്വീറ്റ് ചെയ്തു. ‘ട്വിറ്റർ നോട്‌സ് പോലെയാണോ?’ എന്ന ഉപയോക്താവിന്റെ ചോദ്യത്തിന് അത് ‘പോലെ ഉള്ള ഒന്ന്’ എന്നായിരുന്നു മസ്‌കിന്റെ ഉത്തരം.

നിലവിൽ ട്വിറ്ററിൽ ട്വീറ്റ് ചെയ്യാനാവുക പരമാവധി 280 അക്ഷരങ്ങൾ ആണ്. ഇതിന്റെ പരിധി ഉയർത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തേയും ഉപയോക്താക്കളിൽനിന്ന് ആവശ്യം ഉയർന്നിരുന്നു. ഇതിനുപുറമെ ട്വീറ്റുകളിൽ എഡിറ്റ് ബട്ടണുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആവശ്യങ്ങളുയർന്നിരുന്നു.

ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തതോടെ വീണ്ടും ഈ മാറ്റങ്ങളും ചർച്ചയാകുകയാണ്. വേരിഫൈഡ് അക്കൗണ്ടുകൾക്ക് പണം ഈടാക്കുന്നതടക്കമുള്ള മാറ്റങ്ങളും മസ്‌ക് പ്രഖ്യാപിച്ചു കഴിഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *