ടൊറന്റോ മേയര്‍; മത്സരരംഗത്ത് മോളി എന്ന നായയും

കാനഡയിലെ ടൊറന്റോ നഗരത്തിന്റെ മേയര്‍ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഒരു നായയും. മോളി എന്ന നായയാണ് മേയര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നത്. ആറു വയസുള്ള മോളി ഉള്‍പ്പെടെ 101 പേര്‍ മത്സരരംഗത്തുണ്ട്. നിരവധി വാഗ്ദാനങ്ങളും മോളിയുടെ ഉടമ ടോബി ഹീബ്‌സ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ശൈത്യകാലത്ത് സിറ്റി റോഡുകളിലെ അമിത ഉപ്പ് ഉപയോഗം അവസാനിപ്പിക്കുമെന്നതാണ് അതില്‍ പ്രധാനപ്പെട്ട പ്രഖ്യാപനം. ശീതകാലത്ത് മഞ്ഞു നിറഞ്ഞുകിടക്കുന്ന സിറ്റി റോഡുകളില്‍ മഞ്ഞുരുക്കം എളുപ്പമാക്കുന്നതിനായി അമിതതോതില്‍ ഉപ്പ് ഉപയോഗിക്കുന്നതുമൂലം നായ്ക്കളുടെ പാദങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ഹീബ്‌സ് പറയുന്നു.

വീട്ടുവാടക കുറയ്ക്കും, ബില്യണ്‍ ഡോളര്‍ ബിസിനസുകാര്‍ക്ക് നികുതിവര്‍ധന തുടങ്ങിയവും മോളിയുടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുന്നു. താന്‍ വിജയിക്കുകയാണെങ്കില്‍ മോളിയെ നഗരത്തിന്റെ ആദ്യ ഹോണററി മേയറാക്കുമെന്ന് ടോബി പറഞ്ഞു. എട്ടുവര്‍ഷമായി മേയറായിരുന്ന ജോണ്‍ ടോറി രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2014 മുതല്‍ ജോണ്‍ ടോറി ടൊറന്റൊയുടെ മേയറാണ്. 68കാരനും വിവാഹിതനുമായ ടോറിക്ക് കോവിഡ് കാലത്ത് നഗരസഭാ ഓഫിസിലെ 31കാരിയായ ജീവനക്കാരിയുമായി ലൈംഗിക ബന്ധമുണ്ടായിരുന്നതായി ടൊറന്റോ സ്റ്റാര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ടോറി രാജിവയ്ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *