ജപ്പാനിൽ വിമാനം കത്തിയമർന്നു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ജപ്പാനിൽ ടോകിയോ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പാൻ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ടോകിയോ ഹനേദാ വിമാനത്താവളത്തിലാണ് 367 യാത്രക്കാരുമായെത്തിയ വിമാനം കത്തിയമർന്നത്.

എന്നാൽ കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചതാണ് തീപിടിക്കാൻ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ജപ്പാനിൽ നിന്ന് മാധ്യമങ്ങൾ പുറത്തുവിട്ട ദൃശ്യങ്ങളിൽ വിമാനത്തിനകത്ത് ആദ്യം തീപിടിക്കുന്നതും​ പെട്ടെന്ന് ഒരു തീഗോളമായി മാറുന്നതും കാണാം. മറ്റൊരു വിഡിയോയിൽ വിമാനത്തിൽ നിന്ന് പുകയും തീയും ഉയരുമ്പോൾ ഒന്നിലധികം ഫയർ ട്രക്കുകൾ തീ അണക്കുന്നതും കാണാം.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് വിവരം. എന്നാൽ ചിലർക്ക് പരി​ക്കേറ്റതായും റിപ്പോർട്ടുകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *