ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ അമേരിക്കയിൽ അന്വേഷണം

അദാനി ഗ്രൂപ്പിനും കമ്പനിയുടെ തലവൻ ഗൗതം അദാനിക്കുമെതിരെ അമേരിക്കയിൽ അന്വേഷണമെന്ന് റിപ്പോര്‍ട്ട്. ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾ ഏതെങ്കിലും രീതിയിലുള്ള അഴിമതിയുടെ ഭാ​ഗമായിട്ടുണ്ടോയെന്ന് യു.എസ് അധികൃതർ അന്വേഷിക്കുന്നതായാണ് റിപ്പോർട്ട്. കമ്പനി കൈക്കൂലിയിൽ ഏർപ്പെട്ടിട്ടുണ്ടോയെന്ന യു.എസ് പ്രോസിക്യൂട്ടർമാരുടെ അന്വേഷണം വിപുലീകരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു. അമേരിക്കൻ മാധ്യമമായ ബ്ലൂംബർ​ഗാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.

വഴിവിട്ട സഹായങ്ങൾ കിട്ടാൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഒരു ഊർജ പദ്ധതിക്കായി അനുകൂല തീരുമാനങ്ങളെടുക്കുന്നതിനായി ഇന്ത്യൻ ഉദ്യോ​ഗസ്ഥർക്ക് സ്ഥാപനമോ ​ഗൗതം അദാനിയോ കൈക്കൂലി നൽകുന്നതിൽ ഉൾപ്പെട്ടുട്ടുണ്ടോയെന്നാണ് അമേരിക്കൻ ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നത്. അസ്യുയർ പവർ ​ഗ്ലോബൽ ലിമിറ്റഡ് എന്ന കമ്പനിയും അന്വേഷണത്തിന്റെ നിഴലിലാണ് ഉള്ളത്.

അതേസമയം, ചെയർമാനെതിരെ ഒരു അന്വേഷണത്തെക്കുറിച്ചും തങ്ങൾക്കറിവില്ല എന്നാണ് അദാനി ഗ്രൂപ്പ് പ്രതികരിക്കുന്നത്. ഏറ്റവും ഉയർന്ന നിലവാരത്തോടെ പ്രവർത്തിക്കുന്ന ഒരു ബിസിനസ് ഗ്രൂപ്പ് എന്ന നിലയിൽ, ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും അഴിമതി വിരുദ്ധ നിയമങ്ങൾക്കും കൈക്കൂലി വിരുദ്ധ നിയമങ്ങൾക്കും തങ്ങൾ വിധേയരാണെന്നും അദാനി ഗ്രൂപ്പ് അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *