ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ; ഉത്തരവാദിത്തം ഹമാസിന് മേൽ ചാർത്തൻ ശ്രമം നടത്തി അമേരിക്ക

ഗാസയിൽ വെടിനിർത്തലിന് തയ്യാറല്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തലിന് നെതന്യാഹു തയ്യാറല്ലെന്ന് തെളിയിക്കുന്ന രണ്ടു റിപോർട്ടുകളാണ് പുറത്തുവന്നത്. ഗാസയിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ വെടിനിർത്തൽ കരാറുണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് നെതന്യാഹു അറിയിച്ചു. മൊസാദ് മേധാവി ഡേവിഡ് ബർണിയുടെ പ്രസ്താവനയാണ് മറ്റൊന്ന്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബന്ദിമോചന കരാർ ഉണ്ടാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്ന് ബർണിയ 24 കാരനായ ബന്ദിയുടെ അമ്മയോട് പറഞ്ഞതായി ഇസ്രായേലി മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഇവയെല്ലാം ​ഗാസയിലെ വെടിനിർത്തൽ അനിശ്ചിതത്വത്തിലാണെന്ന് വ്യക്തമാക്കുന്നതാണ്.

അതേസമയം സമാധാന ചർച്ചകൾ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്തം ഹമാസിനുമേൽ ചാർത്താനാണ് യുഎസ് ശ്രമിക്കുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായേലിലെത്തി നെതന്യാഹുവിനെ കണ്ടെങ്കിലും യുദ്ധം അവസാനിപ്പിക്കുന്ന തരത്തിലുള്ള ഒരു വെടിനിർത്തലിനും സമ്മർദം ചെലുത്തിയില്ല. ഹമാസിന്റെ ആവശ്യങ്ങളെല്ലാം നിരാകരിച്ച് ബന്ദികളെ വിട്ടുകൊടുക്കാൻ മാത്രമുള്ള താത്കാലിക വെടിനിർത്തലിനായി അമേരിക്ക മധ്യസ്ഥ രാജ്യങ്ങളായ ഈജിപ്തിനും ഖത്തറിനും മേൽ സമ്മർദം തുടരുകയാണ്. ഇന്നലെ കൈറോയിൽ ഈജിപ്ത്​ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസിയെ കണ്ട ബ്ലിങ്കൻ ദോഹയിലെത്തി ഖത്തർ വിദേശകാര്യ മന്ത്രിയുമായും ചർച്ച നടത്തി. ഹമാസ്​ വിട്ടുവീഴ്ചക്ക്​ തയാറായാൽ കരാർ നടപ്പാകുമെന്നാണ്​ ബ്ലിങ്കൻ പറയുന്നത്.

ബൈഡൻ ഭരണകൂടത്തിന്റെ ഇസ്രായേൽ പക്ഷപാതത്തിനെതിരെ ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവൻഷൻ നടക്കുന്ന ഷിക്കാഗോയിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *