‘ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടിയിൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ’ ; യുഎൻ രക്ഷാസമിതിയിൽ നരകയാതന വിവരിച്ച് യൂണിസെഫ്

യു.എന്‍ രക്ഷാസമിതിയില്‍ ഗാസ്സയിലെ ഇസ്രായേല്‍ നരഹത്യയുടെ ക്രൂരതകള്‍ അക്കമിട്ടുനിരത്തി യുനൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(യൂനിസെഫ്). സായുധ സംഘര്‍ഷങ്ങളും കുട്ടികളും എന്ന വിഷയത്തില്‍ ചേര്‍ന്ന രക്ഷാസമിതി യോഗത്തില്‍ യൂനിസെഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ടെക് ചാലിബന്‍ ആണ് ഗസ്സയില്‍ കുഞ്ഞുങ്ങള്‍ നേരിടുന്ന നരകയാതനയെ കുറിച്ചു വിവരിച്ചത്. ആയിരക്കണക്കിനു കുട്ടികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ഗുരതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കുട്ടികളുടെ എണ്ണം കുതിച്ചുയരുകയാണെന്നും സന്നദ്ധ സംഘങ്ങള്‍ക്കൊന്നും ഗാസ്സയില്‍ നിസ്സഹായരായ മനുഷ്യരെ സഹായിക്കാനാകാത്ത സ്ഥിതിയാണെന്നും ദീര്‍ഘമായ സംസാരത്തില്‍ ടെഡ് ചാലിബന്‍ ചൂണ്ടിക്കാട്ടി.

2023ല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച കണക്കു പ്രകാരം 4,312 ഫലസ്തീനി കുട്ടികളാണു കൊല്ലപ്പെടുകയോ ഗുരുതരമായ പരിക്കിനിരയാകുകയോ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേലില്‍ ഇത് 70 കുട്ടികളാണ്. എന്നാല്‍, ഗസ്സയിലെ പ്രതികൂലമായ സാഹചര്യങ്ങള്‍ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകാത്ത കുട്ടികളുടെ മരണ-അപകട കണക്കുകള്‍ 23,000ത്തിനും അപ്പുറം വരുമെന്നും ചാലിബന്‍ പറയുന്നു. ഈ വര്‍ഷത്തെ കണക്കുകള്‍ ഇതിനുമെല്ലാം എത്രയോ പതിന്മടങ്ങ് വരുമെന്നാണ് പ്രസംഗത്തില്‍ ടെഡ് ചാലിബന്‍ സൂചിപ്പിച്ചത്.

”ഇസ്രായേലിലും ഫലസ്തീനിലുമുള്ള കുട്ടികളുടെ നരകയാതനകള്‍ തുടരുകയാണ്. പ്രത്യേകിച്ചും ഗസ്സയിലെ മരണത്തിന്റെയും വിനാശങ്ങളുടെയും തോത് ഞെട്ടിപ്പിക്കുന്നതാണ്. 2023ല്‍ 4,312 ഫലസ്തീനി കുട്ടികളും 70 ഇസ്രായേല്‍ കുട്ടികളുമാണ് കൊല്ലപ്പെടുകയോ അംഗവിഹീനരാക്കപ്പെടുകയോ ചെയ്തത്. ലോകത്ത് മൊത്തം റിപ്പോര്‍ട്ട് ചെയ്ത കണക്കുകളുടെ 37 ശതമാനം വരുമിത്. ഇതില്‍ ഭൂരിഭാഗവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളിലൂടെ സംഭവിച്ചതാണ്.

എന്നാല്‍, ഗാസ്സയില്‍ പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികളോ യാത്രാ നിയന്ത്രണങ്ങളോ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളോ കാരണം 2023ല്‍ തന്നെ ഔദ്യോഗിക സ്ഥിരീകരണം നടക്കാത്ത 23,000ത്തിലേറെ കുട്ടികളുടെ മരണമോ അപായസംഭവങ്ങളോ ഉണ്ട്. ഇതോടൊപ്പം കാണാതായ ആയിരക്കണക്കിനു കുട്ടികളുടെ മൃതദേഹങ്ങള്‍ ഇനിയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 2024ല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആയിരക്കണക്കിനു സംഭവങ്ങള്‍ ഈ കണക്കിലും വരുന്നില്ല.”

ഒന്‍പതു മാസം നീണ്ട ഭീകരമായ ഏറ്റുമുട്ടലിനു ശേഷവും യൂനിസെഫിനും മറ്റ് മനുഷ്യാവകാശ സംഘങ്ങള്‍ക്കും ഇനിയും സഹായത്തിനായി കേഴുന്ന കുട്ടികളുടെ അടുത്തെത്താനായിട്ടില്ലെന്നും യൂനിസെഫ് തലവന്‍ വെളിപ്പെടുത്തി. ഗാസ്സയിലുടനീളം സുരക്ഷിതമായി സഞ്ചരിക്കാന്‍ ഒരുപാട് പ്രതിബന്ധങ്ങളാണു നമ്മള്‍ നേരിടുന്നത്. ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ ഉത്തരവാദിത്തങ്ങളും പാലിക്കണമെന്നാണ് സംഘര്‍ഷത്തിന്റെ ഭാഗമായ എല്ലാ കക്ഷികളോടും ആവശ്യപ്പെടാനുള്ളതെന്നും ടെഡ് ചാലിബന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് സമ്പൂര്‍ണമായ വെടിനിര്‍ത്തലുണ്ടാകണം. യു.എന്‍ രക്ഷാസമിതി തന്നെ 2,712ഉം 2,735ഉം പ്രമേയങ്ങളിലൂടെ അക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *