ഗസയിലെ വെടിനിർത്തൽ കരാറിന്റെ കരടായി; പാരീസിൽ നിർണായക ചർച്ച ഇന്ന്

ഗസയിൽ വെടിനിർത്തൽ കരാറി​ന്റെ കരടായെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. കരാർ പ്രാബല്യത്തിൽ വരുന്നതിൽ മധ്യസ്ഥർക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അമേരിക്കൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ന്യൂയോർക് ടൈംസ് വാർത്ത പ്രസിദ്ധീകരിച്ചത്.

രണ്ടാഴ്ചക്കുള്ളിൽ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി ഇസ്രായേലുമായും ഹമാസ് പ്രതിനിധികളുമായും ചർച്ച നടത്തിയാണ് കരാറിന്റെ കരട് തയാറാക്കിയത്.

രണ്ട് മാസത്തേക്കുള്ള വെടിനിർത്തലാണ് കരടിലുള്ളത്. ആദ്യത്തെ 30 ദിവസം വയോധികരും രോഗികളും പരിക്കേറ്റവരുമായ ബന്ദികളെ ഹമാസ് മോചിപ്പിക്കണം. അടുത്ത മാസം നടപ്പാക്കേണ്ട കാര്യങ്ങളും ഈ 30 ദിവസത്തിനുള്ളിൽ ചർച്ച ചെയ്യും. ഫലസ്തീന് കൂടുതൽ മാനുഷിക സഹായം എത്തിക്കുക എന്നതും കരാറിന്റെ ലക്ഷ്യമാണ്.

കരാറിന്റെ കരടിൻമേൽ ഫ്രാൻസിലെ പാരീസിൽ ഞായറാഴ്ച നിർണായക ചർച്ച നടക്കും. സി.ഐ.എയുടെ ഡയറക്ടർ വില്യം ജെ. ബേൺസിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പാരീസിലേക്ക് അയക്കുന്നുണ്ട്. ഇദ്ദേഹം ഇസ്രായേൽ, ഈജിപ്ത്, ഖത്തർ അധികൃതരുമായി സംസാരിക്കും. ചർച്ചയിൽ പുരോഗതിയുണ്ടെങ്കിൽ മിഡിൽ ഈസ്റ്റ് കോഓഡിനേറ്ററായ ബ്രെറ്റ് മക്ഗുർക്ക് ഒരിക്കൽ കൂടി മേഖലയിലെത്തി കരാറിന് അന്തിമരൂപമുണ്ടാക്കും.

എന്നാൽ, കരാറുമായി ബന്ധപ്പെട്ട് ഹമാസിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. അധിനിവേശം പൂർണമായി അവസാനിപ്പിക്കാതെ കരാറിനില്ലെന്നാണ് ഹമാസിന്റെ നിലപാട്.

ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജി​വെക്കണമെന്ന് ആവശ്യപ്പെട്ട് ജനം തെരുവിൽ പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ പാർട്ടി അംഗങ്ങളെ വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് പലയിടത്തും സംഘർഷമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *