ഓപ്പറേഷൻ അജയ്ക്ക് തുടക്കം, ഇസ്രയേലിൽ നിന്ന് പ്രത്യേക വിമാനം ഇന്ന് പുറപ്പെടും; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം എത്തി

ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷൻ അജയ് എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അതിനിടെ ഇസ്രയേലിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം കേരളത്തിലേക്ക് തിരിച്ചെത്തി.

ഇസ്രയേലിൽ കുടുങ്ങിപ്പോയ മുഴുവൻ ഇന്ത്യാക്കെരെയും പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തി രാജ്യത്ത് തിരിച്ചെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. ഓപ്പറേഷൻ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. ടെൽഅവീവിൽ നിന്ന് ആദ്യ സംഘം ഇന്ന് പുറപ്പെടും. ആവശ്യമെങ്കിൽ നാവിക സേന കപ്പലുകളും രക്ഷാദൗത്യത്തിന്റെ ഭാ?ഗമാകും. നാവികസേനയോട് സജ്ജമായിരിക്കാൻ കേന്ദ്രം നിർദേശം നൽകി.

ഇസ്രയേലിലുള്ള ഇന്ത്യക്കാരുടെ വിവരശേഖരണം നേരത്തെ തന്നെ തുടങ്ങിയിരുന്നു. പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *