ബീജിങ്: ചൈനയിലെ ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ പാലം ജൂണിൽ തുറക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. മലയിടുക്കിന് കുറുകെ 2.8 കിലോമീറ്റർ നീളത്തിലുള്ള കൂറ്റൻ പാലമാണ് ഹുവാജിയാങ് ഗ്രാൻഡ് കാന്യൺ. പാലം തുറക്കുന്നതോടെ ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലമെന്ന റെക്കോർഡിന് അർഹമാകും. 216 ദശലക്ഷം പൗണ്ട് (2400 കോടി രൂപ) ചെലവ് വരുന്ന ഈ പദ്ധതി യാത്രാ സമയം ഒരു മണിക്കൂറിൽ നിന്ന് ഒരു മിനിറ്റായി കുറക്കുമെന്നാണ് പ്രധാന നേട്ടം. ഈഫൽ ടവറിനേക്കാൾ 200 മീറ്ററിലധികം ഉയരവും മൂന്നിരട്ടി ഭാരവുമുള്ള ഈ പാലം ചൈനയുടെ എൻജിനീയറിങ് വൈദ?ഗ്ധ്യത്തെ പ്രതിനിധീകരിക്കുന്നു.
പാലത്തിന്റെ സ്റ്റീൽ ട്രസ്സുകൾക്ക് ഏകദേശം 22,000 മെട്രിക് ടൺ ഭാരമുണ്ട്. മൂന്ന് ഐഫൽ ടവറുകൾക്ക് തുല്യമാണ് ഈ ഭാരം. വെറും രണ്ട് മാസത്തിനുള്ളിലാണ് പാലം നിർമിച്ചതെന്ന പ്രത്യേകതയുണ്ട്. ചീഫ് എഞ്ചിനീയർ ലി ഷാവോയാണ് നിർമാണത്തിന് മേൽനോട്ടം വഹിച്ചത്.
ചൈനയിലെഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതോടൊപ്പം വിനോദസഞ്ചാര ആകർഷണവും പാലത്തിന്റെ ലക്ഷ്യമാണ്. വിശ്രമകേന്ദ്രങ്ങൾ, ഗ്ലാസ് വാക്ക്വേ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബംഗീ ജമ്പ് എന്നിവയും പാലത്തിൽ തയ്യാറാക്കും. 2016 ൽ, ചൈനയിലെ ഏറ്റവും ഉയരം കൂടിയ പാലം (1,854 അടി) ബെയ്പാൻജിയാങ്ങിൽ നിർമ്മിച്ചിരുന്നു.