ഇസ്രയേല്‍ ഹമാസ് യുദ്ധം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലേക്ക്; നെതന്യാഹുവുമായി കൂടിക്കാഴ്‌ച

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെല്‍ അവീവിലേക്ക്. ബൈഡൻ നാളെ ഇസ്രയേലിലെത്തും.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. വെടിനിറുത്തലിനില്ലെന്നും ഹമാസിനെ ഉന്മൂലനം ചെയ്തേ അടങ്ങുവെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചതോടെ ഗാസയില്‍ കരയുദ്ധം ഏതു നിമിഷവും എന്ന സ്ഥിതിയായി. ഗാസ പിടിച്ചടക്കില്ലെന്നും ഇസ്രയേല്‍ ഇന്നലെ വ്യക്തമാക്കി. അമേരിക്കൻ ഇടപെടലിനെ തുടര്‍ന്നാണിത്.

കരയുദ്ധത്തിന് മുൻപ് തെക്കൻ ഗാസ വഴി ജനത്തിന് ഒഴിയാൻ അഞ്ചു മണിക്കൂര്‍ വെടിനിറുത്തല്‍ അംഗീകരിച്ചെന്ന വാര്‍ത്ത ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഓഫീസാണ് തള്ളിയത്. ഈജിപ്‌തിനും ഗാസയ്‌ക്കുമിടയിലെ റാഫ അതിര്‍ത്തി അടച്ചിരിക്കുകയാണെന്നും വെടിനിറുത്തലിനില്ലെന്നും ഹമാസും പ്രതികരിച്ചു.

അതിനിടെ, ഇസ്രയേല്‍ വ്യോമാക്രമണം നിറുത്തിയാല്‍ ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് ഇറാൻ ഇന്നലെ വ്യക്തമാക്കി. ബന്ദികള്‍ 199 പേരെന്നാണ് ഇസ്രയേല്‍ സ്ഥിരീകരണം. 152പേരെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ട്.

കരയുദ്ധം തുടങ്ങിയാല്‍ ഹിസ്ബുള്ളയുടെ ആക്രമണവും പ്രതീക്ഷിക്കുന്ന ഇസ്രയേല്‍ ലെബനൻ അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് കിലോമീറ്റര്‍ പരിധിയിലെ ജനത്തെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. 28 ഗ്രാമങ്ങളാണ് ഒഴിപ്പിക്കുന്നത്. ഇറാന്റെ ആയുധം വൻതോതില്‍ കൈവശമുള്ള ബിസ്ബുള്ളയ്ക്ക് ഹമാസിനേക്കള്‍ പ്രഹരശേഷിയുണ്ട്.

ബന്ദികളില്‍ ചിലരുടെ കുടുംബാംഗങ്ങളെ കണ്ട നെതന്യാഹു അവരെ ജീവനോടെ തിരിച്ചെത്തിക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഉറപ്പു നല്‍കി. 7ന് ഹമാസ് ഭീകരര്‍ വനിതാ സുരക്ഷാ ജീവനക്കാരെ വധിക്കുന്ന വീഡിയോയും ഇസ്രയേല്‍ ഇന്നലെ പുറത്തുവിട്ടു. റൂമില്‍ കഴിയുന്നവരെ ഗ്രനേഡ് എറിഞ്ഞ ശേഷം വെടിവച്ചു കൊല്ലുന്നതാണ് വീഡിയോയില്‍.

Leave a Reply

Your email address will not be published. Required fields are marked *