ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ തിരിച്ചടിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് നെതന്‍ന്യാഹു

ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേല്‍ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാന്‍ തൊടുത്ത് വിട്ടത്. ഇറാന്‍ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളില്‍ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായും പ്രത്യേകിച്ച് കുറച്ച് ആഴ്ചകളായി ഇറാൻ്റെ ഭാഗത്തു നിന്ന് ആക്രമണം ഇസ്രയേല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും തങ്ങളെ അക്രമിക്കുന്നവരെ തിരിച്ചടിക്കാന്‍ ഇസ്രയേലും ഐ.ഡി.എഫും തയ്യാറാണെന്നും നെതന്യാഹു വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നെതന്യാഹു പ്രതികരിച്ചിരിക്കുന്നത്. ഇസ്രയേലിനെ പിന്തുണച്ച യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ ഇസ്രയേല്‍ പ്രധാനമന്ത്രി അഭിനന്തിച്ചു.

ഇസ്രയേലിനെതിരായ ആക്രമണം സ്ഥിരീകരിച്ച് ഇറാന്‍ സൈന്യവും രംഗത്തെത്തിയിരുന്നു. തങ്ങളുടെ സൈനിക നടപടിയില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കണമെന്ന മുന്നറിയിപ്പും ഇറാന്‍ സൈന്യം നല്‍കി. ഇറാന് പുറമെ യെമനിലെ ഹൂതി വിമതരും ലെബനനിലെ പലസ്തീന്‍ അനുകൂല സായുധസംഘമായ ഹിസ്ബുള്ളയും ഇസ്രയേലിനെ ആക്രമിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘമാണ് ഹിസ്ബുള്ള.

ഏപ്രില്‍ ഒന്നിന് സിറിയയിലെ നയതന്ത്രകാര്യാലയത്തില്‍ ബോംബിട്ട് രണ്ടു സൈനിക ജനറല്‍മാരെ വധിച്ച ഇസ്രയേലിനെ ശിക്ഷിക്കുമെന്ന് ഇറാന്‍ ഭരണകൂടം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 48 മണിക്കൂറിനുള്ളില്‍ ഇറാന്‍ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയിരിക്കേയാണ് ആക്രമണമുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *