ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ ഉൾപ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികൾ അടക്കം എല്ലാവരും വിട്ടയച്ചെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം.മാനുഷിക പരിഗണന കണക്കിലെടുത്താണ് എല്ലാവരെയും മോചിപ്പിക്കാനുളള തീരുമാനമെന്നും കപ്പലിലെ ക്യാപ്റ്റൻ്റെ തീരുമാന പ്രകാരം ഇവർക്ക് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുള്ളാഹി അറിയിച്ചു. എസ്തോണിയൻ വിദേശകാര്യമന്ത്രി മർഗസ് ത്സാഖ്നയുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച കാര്യം അബ്ദുള്ളാഹി അറിയിച്ചത്.ഒരു എസ്തോണിയൻ പൗരനും കപ്പലിൽ ഉണ്ടായിരുന്നു. 

17 ഇന്ത്യക്കാർ അടക്കം 24 പേരാണ് കപ്പലിലുണ്ടായിരുന്നത്.മലയാളിയായ ആൻ ടെസയെ നേരത്തെ തന്നെ മോചിച്ചിരുന്നു.ശേഷിക്കുന്നവരില്‍ മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂര്‍ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരാണുണ്ടായിരുന്നത്. കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു.

ഏപ്രില്‍ 13നാണ് ഹോര്‍മുസ് കടലിടുക്കിനു സമീപത്തു വച്ച് ഇസ്രയേല്‍ ബന്ധമുള്ള എംഎസ്സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. സമുദ്ര നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടികൂടിയതെന്നാണ് ഇറാന്‍ വിശദീകരിച്ചത്. ഡമാസ്‌കസിലെ കോണ്‍സുലേറ്റിനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തിനെതിരെ ഇറാന്‍ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിറകെയാണ് കപ്പല്‍ പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *