ആഴ്ചയില്‍ 3 ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടും: മാര്‍ക്ക് സക്കര്‍ബര്‍ഗ്

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസില്‍ വരാത്ത ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മെറ്റ. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. സെപ്തംബര്‍ 5 മുതലാണ് ആഴ്ചയില്‍ മൂന്ന് ദിവസം നിബന്ധന ജീവനക്കാര്‍ക്ക് ബാധകമാവുക.

ജോലിക്കാര്‍ക്കിടയില്‍ തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുക്കാനും ടീമായുള്ള പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ഓഫീസിലേക്ക് ജീവനക്കാരെ തിരികെ എത്തിക്കുന്നത് വഴി ലക്ഷ്യമിടുന്നതെന്നാണ് മെറ്റ വ്യക്തമാക്കുന്നത്. ഇക്കാര്യം തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും നിര്‍ദ്ദേശം പാലിക്കപ്പെടുന്നില്ലാത്ത പക്ഷം ജീവനക്കാരുമായി ബന്ധപ്പെടാനുമാണ് മാനേജര്‍മാര്‍ക്ക് മെറ്റയില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. മുന്നറിയിപ്പ് നല്‍കിയ ശേഷവും ഇതേ സമീപനം ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ ശക്തമായ നടപടികളിലേക്ക് കടക്കാമെന്നും മെറ്റ നിര്‍ദേശം വ്യക്തമാക്കുന്നു.

മെറ്റയുടെ ഇയര്‍ ഓഫ് എഫിഷ്യന്‍സി എന്ന പോളിസി അനുസരിച്ചാണ് പുതിയ നീക്കം. ഈ പോളിസിക്ക് നേതൃത്വം നല്‍കുന്നത് മാർക്ക് സക്കർബർഗ് നേരിട്ടാണെന്നതാണ് ശ്രദ്ധേയം. കമ്പനിയുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് മെറ്റയുടെ പ്രവര്‍ത്തനം. ഇതില്‍ 21000 ജീവനക്കാരെ പിരിച്ച് വിടാനുള്ള പദ്ധതിയുമുണ്ട്.

എന്നാല്‍ ആഴ്ചയിലെ മൂന്ന് ദിവസം നയം വര്‍ക്ക് ഫ്രം ഹോം സൌകര്യം പ്രയോജനപ്പെടുത്തുന്ന ജീവനക്കാര്‍ക്ക് മാത്രമാണെന്നും മെറ്റ വ്യക്തമാക്കുന്നുണ്ട്. ഓഫീസിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാര്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിശദമാക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *