ആണവ യുദ്ധത്തിന് റഷ്യ സജ്ജം; പ്രസിഡന്റ് വ്ളാദിമിർ പുടിൻ

ആണവയുദ്ധത്തിന് റഷ്യ സാങ്കേതികമായി സജ്ജമാണെന്നും യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയച്ചാൽ അത് അതിക്രമമായി കണക്കാക്കുമെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. റഷ്യയുടെ പരമാധികാരത്തിനോ സ്വാതന്ത്ര്യത്തിനോ ഭീഷണിയുണ്ടെങ്കിൽ ആണവായുധം പ്രയോഗിക്കാൻ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു.ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രൈനിൽ എപ്പോഴെങ്കിലും ആണവായുധം ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ എന്ന് റഷ്യൻ സ്റ്റേറ്റ് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ ചോദിച്ചപ്പോൾ അതിന്റെ ആവശ്യമില്ലെന്നാണ് പുടിൻ പ്രതികരിച്ചത്.ലോകം ഒരു ആണവയുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റഷ്യക്കെതിരെ അടുത്തിടെ യുക്രേനിയൻ ഡ്രോൺ ആക്രമണങ്ങൾ വർധിച്ചത് വെള്ളിയാഴ്ച ആരംഭിക്കുന്ന ത്രിദിന പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് പുടിൻ ആരോപിച്ചു. ബുധനാഴ്ച രാവിലെ യുക്രൈന്‍ വലിയ രീതിയില്‍ ഡ്രോണ്‍ ആക്രമണം നടത്തയതായി റഷ്യന്‍ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറ് മേഖലകളിലായി 58 ഡ്രോണുകൾ വ്യോമ പ്രതിരോധം തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഡ്രോണുകളിൽ ഒന്ന് റിയാസാൻ മേഖലയിലെ എണ്ണ ശുദ്ധീകരണശാലയിൽ ഇടിച്ചു, കുറഞ്ഞത് രണ്ട് പേർക്ക് പരിക്കേൽക്കുകയും തീ പടരുകയും ചെയ്തു. സെന്റ് പീറ്റേഴ്‌സ്ബർഗിന് സമീപമുള്ള റിഫൈനറിക്ക് സമീപമെത്തിയപ്പോഴാണ് മറ്റൊന്ന് തകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *