അറസ്റ്റ് നടന്നത് ഏപ്രിൽ 12 ന്, മെഹുൽ ചോക്‌സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെൽജിയം; കൈമാറ്റ അപേക്ഷ നൽകി ഇന്ത്യ

ബ്രസൽസ്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തത് സ്ഥിരീകരിച്ച് ബെൽജിയം. ഏപ്രിൽ 12നാണ് അറസ്റ്റ് നടന്നതെന്നും ചോക്‌സിക്കുള്ള നിയമസഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും ബെൽജിയം വ്യക്തമാക്കി. ചോക്‌സിയെ കൈമാറണമെന്നുള്ള അപേക്ഷ ബെൽജിയം കോടതിയിൽ ഇന്ത്യ നൽകിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ രക്താർബുദത്തിന് ചികിത്സയിലാണെന്ന് കാട്ടി ചോക്‌സി ജാമ്യത്തിന് അപേക്ഷ നൽകി.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് പതിമൂവായിരത്തി അഞ്ഞൂറ് കോടി രൂപ വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മെഹുൽ ചോക്‌സിക്കും മരുമകൻ നീരവ് മോദിക്കും എതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് ഇൻറർ പോളിന് നേരത്തെ കൈമാറിയിരുന്നു. കരീബിയൻ ദ്വീപായ ആൻറിഗയിൽ കഴിഞ്ഞിരുന്ന മെഹുൽ ചോക്‌സി ചികിത്സയ്ക്കായി കഴിഞ്ഞ സെപ്തംബറിൽ യൂറോപ്പിലെത്തിയതായി ഇന്ത്യയ്ക്ക് വിവരം കിട്ടിയിരുന്നു. ചോക്‌സിയെ അറസ്റ്റു ചെയ്യാനുള്ള രണ്ട് വാറണ്ടുകൾ ഇന്ത്യ യൂറോപ്യൻ രാജ്യങ്ങൾക്ക് കൈമാറിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ ബൽജിയം അറസ്റ്റ് ചെയ്തത്. മെഹുൽ ചോക്‌സി നിലവിൽ കസ്റ്റഡിയിലാണെന്ന് ബെൽജിയം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. രക്താർബുദത്തിന് ചികിത്സയിലാണെന്നും റേഡിയേഷൻ അടക്കം ആവശ്യമായി വരുന്നെന്നും കാണിച്ച് ചോക്‌സി കോടതിയിൽ ജാമ്യപേക്ഷ നൽകിയെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ചികിത്സ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ചോക്‌സി നൽകിയ ജാമ്യപേക്ഷയിൽ പറയുന്നു. നീരവ് മോദിയും മെഹുൽ ചോക്‌സിയും പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായതിനാലാണ് സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷം നിരന്തരം ആരോപിച്ചിരുന്നു. ചോക്‌സിയുടെ സ്വത്തുക്കൾ നിരവധി രാജ്യങ്ങളിലുണ്ടെന്ന് സി ബി ഐയും ഇ ഡിയും നേരത്തെ കണ്ടെത്തിയിരുന്നു. തായ് ലാൻഡ്, യു എ ഇ, ജപ്പാൻ, യു എസ് തുടങ്ങിയ രാജ്യങ്ങളോട് ഇവ കണ്ടുകെട്ടി വിറ്റ് കിട്ടുന്ന തുക ബാങ്കിന് കൈമാറാനായി നടപടി സ്വീകരിക്കണം എന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടിരുന്നു. ബൽജിയത്തിൽ ചോക്‌സി അറസ്റ്റിലായത് നേട്ടമാണെങ്കിലും കൈമാറ്റത്തിനുള്ള നിയമനടപടികൾ നീളാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *