അമേരിക്കയിലെ ഹവായ് ദ്വീപിൽ ആളിപ്പടർന്ന് കാട്ടുതീ; മരിച്ചവരുടെ എണ്ണം ഉയരുന്നു

അമേരിക്കയിലെ ഹവായ് ദ്വീപിൽ ഉണ്ടായ കാട്ടുതീയിൽ പെട്ട് മരിച്ചവരുടെ എണ്ണം ഉയരുകയാണ്. മൗവി കൗണ്ടിയിൽ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 55 ആയി. ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തെ വാർത്താവിനിമയ സംവിധാനങ്ങളും വൈദ്യുതി വിതരണവും പൂർണമായി മുടങ്ങിയതോടെ ഇവിടുത്തെ രക്ഷാപ്രവർത്തനം ദുഷ്കരമായി മാറിയിരിക്കുകയാണ്. ആയിരത്തോളം പേരെ മേഖലയിൽ കാണാതായെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. മൃതദേഹങ്ങള്‍ കണ്ടെത്താല്‍ പരിശീലനം ലഭിച്ച നായ്ക്കൾ കലിഫോര്‍ണിയയില്‍ നിന്നും വാഷിങ്ടൗണില്‍ നിന്നും മൗവിയിലെത്തിയിട്ടുണ്ടെന്ന് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി അറിയിച്ചു.

കാട്ടുതീ പടർന്നതോടെ മേഖലയിലേക്കുള്ള റോഡുകളും അടച്ചിരിക്കുകയാണ്. സന്നദ്ധ സേനകൾ ബോട്ടുകളിൽ കടൽ മാർഗവും അഗ്നിരക്ഷാസേന ഹെലികോപ്റ്ററുകളിലുമാണ് അവശ്യസാധനങ്ങൾ പ്രദേശത്ത് എത്തിച്ചു നൽകുന്നത്. നാവികസേന, കോസ്റ്റ് ഗാർഡ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

വ്യാഴാഴ്ച പടർന്നു പിടിച്ച തീയിൽനിന്ന് രക്ഷ നേടാൻ ആളുകള്‍ പസിഫിക് സമുദ്രത്തിലേക്കു ചാടിയിരുന്നു. ഇവരില്‍ പലരെയും കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി. മൗവി കൗണ്ടിയിലെ ചരിത്രപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന പൂർണമായും ചാരമായ അവസ്ഥയിലാണ്. ഹവായിൽനിന്ന് ഏറെ അകലെ രൂപം കൊണ്ട ‘ഡോറ’ ചുഴലിക്കാറ്റ് തീനാളങ്ങളെ ആളിക്കത്തിച്ചതാണ് വ്യാപകനാശം വിതച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *