പലപ്പോഴും സ്ത്രീകളിലെ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ലക്ഷണങ്ങളായിരിക്കാം ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. സ്തനാർബുദത്തെക്കാൾ കൂടുതലായി ഈ അടുത്ത ഹൃദയാഘാതം സ്ത്രീകളിൽ കൂടി വരുന്നുണ്ട്. ഭക്ഷണശൈലിയിലെ മാറ്റങ്ങൾ, കുറഞ്ഞ വ്യായാമം, അമിതവണ്ണം എന്നിവയെല്ലാം ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയിൽ പല സ്ത്രീകൾക്കും സ്വന്തം ആരോഗ്യത്തെക്കുറിച്ച് ചിന്തയില്ല എന്നതാണ് യഥാർത്ഥ്യം.
പ്രധാന ലക്ഷണങ്ങൾ
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ലക്ഷണങ്ങൾ വളരെ വ്യത്യസ്തമായിരിക്കാം. പുരുഷന്മാരെ പോലെ കഠിനമായ നെഞ്ച് വേദന സ്ത്രീകൾ അനുഭവിക്കണമെന്നില്ല. താടിയെല്ലിലെ വേദനം, ചെറിയ ക്ഷീണം, കഴുത്തിലും മുതുകിലും ഉണ്ടാകുന്ന വേദന, നെഞ്ച് എരിച്ചിൽ എന്നിവയൊക്കെ സ്ത്രീകളിലെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. പക്ഷെ പുരുഷന്മാർക്ക് കഠിനമായ വേദനയും തളർച്ചയുമുണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള ലക്ഷണങ്ങളുള്ളവർ തീർച്ചയായും ഡോക്ടറെ കാണാൻ ശ്രമിക്കുക.
സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നല്ലൊരു ജീവിതശൈലി പിന്തുടരേണ്ടത് ഏറെ പ്രധാനമാണ്. ഭക്ഷണം വ്യായാമം എന്നിവയെല്ലാം ഹൃദയത്തെ സംരക്ഷിക്കും. ഇത് മാത്രമല്ല യോഗ, നൃത്തം, നടത്തം എന്നിവയെല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക. പഞ്ചസാരയും ഉപ്പും ഭക്ഷണത്തിൽ നിന്ന് കുറയ്ക്കുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവിക്കുന്നവരുണ്ടെങ്കിൽ തീർച്ചയായും ഡോക്ടറുടെ സഹായം തേടേണ്ടത് ഏറെ പ്രധാനമാണ്. ഡോക്ടർ നൽകുന്ന മരുന്നുകൾ കൃത്യമായി കഴിക്കാനും ഓർക്കുക.
പ്രായം
പണ്ട് കാലത്ത് പ്രായം ഒരു ഘടകമായിരുന്നെങ്കിലും ഇപ്പോൾ എല്ലാ പ്രായക്കാരിലും ഹൃദയാഘാതം ഉണ്ടാകുന്നുണ്ട്. മാത്രമല്ല, ചെറുപ്രായത്തിൽ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നവർ നിരവധിയാണ്. എന്നാൽ 45നും 55നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഹൃദയാഘാത സാധ്യത വളരെ കൂടുതലാണ്. പൊതുവെ സ്ത്രീകൾക്ക് ഹൃദയാഘാതത്തിന് ഒരു മാസം മുൻപ് തന്നെ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയൊക്കെ അനുഭവിക്കുന്നവർ തീർച്ചയായും ഡോക്ടറുടെ സഹായം തേടാൻ മറക്കരുത്.