മുടിയുടെ ആരോഗ്യസംരക്ഷണം അത്ര നിസാരമല്ല..!

സ്ത്രീ സൗന്ദര്യത്തിൻറെ പ്രധാന ഘടകങ്ങളിലൊന്നാണ് മുടി. സ്ത്രീയുടെ കേശഭാരത്തെ വർണിക്കാത്ത കവികളില്ല. മുടിയഴകിൽ മയങ്ങാത്ത പുരുഷൻമാരുമില്ല. ‘നിൻ തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിക്കതിരില ചൂടി…’ എന്ന ഗാനം മുടിയഴകു വർണിക്കുന്ന ജനപ്രിയ ഗാനങ്ങളിലൊന്നാണ്. എത്രയോ ഗാനങ്ങൾ, കവിതകൾ… പറഞ്ഞുവരുന്നത് മുടിയുടെ ആരോഗ്യസംരംക്ഷണവുമായി ബന്ധപ്പെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറിയുകയും അതു പ്രയോഗത്തിൽ വരുത്തുകയും വേണം.

മുടിക്ക് നല്ല പരിചരണവും ശ്രദ്ധയും കൊടുക്കണം. ഇല്ലെങ്കിൽ മുടിയുടെ വളർച്ചയെ കാര്യമായി ബാധിക്കും. ശരിയായ പരിചരണം കൊടുത്തില്ലെങ്കിൽ മുടി കൊഴിച്ചിൽ കൂടുകയും ചെയ്യും. ഈ കാലത്ത് സ്പാ ട്രീറ്റ്മെന്റും പ്രോട്ടീൻ ട്രീറ്റ്മെൻറും നൽകണം. എങ്കിൽ മുടിയുടെ ആരോഗ്യനില വർദ്ധിക്കും. പാർലറിൽ എന്തൊക്കെ ചെയ്താലും വീട്ടിലും തുടർ പരിചരണങ്ങൾ നൽകിയാൽ മാത്രമേ മുടിയുടെ ആരോഗ്യം പൂർണമായും സംരംക്ഷിക്കാൻ സാധിക്കൂ.

നിങ്ങളുടേത് സാധാരണ മുടിയാണോ

ഒരു സ്പൂൺ ഒലിവ് ഓയിലും ഒരു മുട്ടയുടെ വെള്ളയും ചേർത്ത് മിശ്രിതമുണ്ടാക്കു. ഈ മിശ്രിതം മുടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. മസാജ് ചെയ്തതിനു ശേഷം ഷാംപു അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകിക്കളയണം. തലയിൽ എപ്പോഴും വീര്യം കുറഞ്ഞ ഷാംപു ഉപയോഗിക്കുന്നതാണ് നല്ലത്. വീര്യം കൂടിയ ഷാംപുവിൻറെ തുടർച്ചയായ ഉപയോഗം മുടിയുടെ ആരോഗ്യത്തെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. അതിനു ശേഷം, കുറച്ച് ഓട്സ്, 2 സ്പൂൺ തേങ്ങാപ്പാൽ, 2 സ്പൂൺ കറ്റാർവാഴയുടെ നീര്, 1 സ്പൂൺ ഉലുവാപ്പൊടി, 1/2 സ്പൂൺ കറുത്ത എള്ള്, 1 സ്പൂൺ ഉണക്കനെല്ലിക്ക പൊടിച്ചത് ഇവ ചേർത്തരച്ച് മുടിയിലും ശിരോചർമത്തിലും നന്നായി തേച്ചുപിടിപ്പിക്കണം. തുടർന്ന് അഞ്ചു മിനിറ്റ് ആവി കൊള്ളിക്കണം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപു മുടി നന്നായി കഴുകുക. ഇങ്ങനെ ചെയ്താൽ മുടിക്ക് ആരോഗ്യവും മൃദുത്വവും ലഭിക്കും.

എണ്ണമയമുള്ള മുടിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുടിയിലെ എണ്ണമയവും അന്തരീക്ഷത്തിലെ പൊടിയും കലർന്ന് താരൻ ശല്യം വർധിക്കാൻ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിൽ മുടിയിലെ എണ്ണമയം കുറക്കേണ്ടതുണ്ട്. 4 സ്പൂൺ ലാവണ്ടർ ഓയിൽ, 1 ടീസ്പൂൺ വിനാഗിരി, 1 ടീസ്പൂൺ വെള്ളം ഇവ നന്നായി ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം കൊണ്ട് മുടി മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം ഉപയോഗിച്ച് തല നന്നായി കഴുകുക. ആഴ്ചയിലൊരിക്കൽ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്.

വരണ്ട മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ

വരണ്ട മുടി പൊട്ടിപ്പോകുന്നത് ഒഴിവാക്കാൻ വിവിധ മാർഗങ്ങളുണ്ട്. ലഘുവായി വീട്ടിൽ ചെയ്യാവുന്ന പ്രോട്ടീൻ ട്രീറ്റ്മെൻറ് പരിചയപ്പെടാം.

1 ടേബിൾ സ്പൂൺ ഹെയർ കണ്ടിഷണർ, ബീറ്റ്റൂട്ട് അരച്ചത്, ഗ്ലിസറിൻ, ഒലിവ് ഓയിൽ, ആവണക്കെണ്ണ എന്നിവ ഒരോ ടീസ്പൂൺ വീതവും 2 ടീസ്പൂൺ വീര്യം കുറഞ്ഞ ഷാംപുവും ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ പുരട്ടി 15-20 മിനിറ്റ് വയ്ക്കുക. ശേഷം ആവി കൊള്ളിച്ച ശേഷം 30 മിനിറ്റ് കഴിഞ്ഞ് മുടി കഴുകി ഉണക്കുക. മുടിയുടെ ആരോഗ്യം വർധിക്കും.

Leave a Reply

Your email address will not be published. Required fields are marked *