മധ്യവയസ്‌കരിലെ അമിതവണ്ണം ഡിമന്‍ഷ്യയ്ക്ക് കാരണമാകുന്നുവെന്ന് പഠനം

അമിതവണ്ണം ആഗോളതലത്തില്‍ത്തന്നെയുള്ള ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ, മധ്യവയസ്‌കരിലുള്ള അമിതവണ്ണം ഡിമന്‍ഷ്യയ്ക്ക് കാരണമാകുന്നതായി പുതിയ പഠനവും പുറത്തുവന്നിരിക്കുകയാണ്. ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും ചൈനീസ് അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് പെക്കിങ് യൂണിയന്‍ മെഡിക്കല്‍ കോളേജും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ബോഡി മാസ് ഇന്‍ഡക്‌സിന്റെ പാറ്റേണ്‍ മാറിമറിയുന്നത് ഡിമന്‍ഷ്യയ്ക്കുള്ള സാധ്യത കൂട്ടുകയാണെന്നാണ് ഇപ്പോഴത്തെ കണ്ടുപിടുത്തം. പൊക്കത്തിന് അനുപാതികമായ വണ്ണം എത്രയാണ് എന്ന് കാണിക്കുന്ന സൂചികയാണ് ബോഡിമാസ് ഇന്‍ഡക്സ് (Body Mass Index) അഥവാ ബി.എം.ഐ.

ഇത്തരം പഠനങ്ങള്‍ അതീവപ്രാധാന്യമര്‍ഹിക്കുന്നതാണെന്നും മുമ്പൊരു പഠനത്തിലും ശരീരഭാരത്തിലുണ്ടാകുന്ന വ്യതിയാനം മൂലം ഡിമന്‍ഷ്യയ്ക്കുള്ള സാധ്യതയുള്ളതായി പ്രതിപാദിച്ചിട്ടില്ലെന്നും പഠനത്തിന്റെ മുഖ്യഗവേഷകനായ പ്രൊഫ.റോഡ ആവു പറയുന്നു. തിരഞ്ഞെടുത്ത ഒരുപറ്റം ആളുകളിലെ ശരീരഭാരം നീണ്ട 39 വര്‍ഷമായി കൃത്യ ഇടവേളകളില്‍ രേഖപ്പെടുത്തുകയും ഇവയുടെ വ്യതിയാനത്തിലെ പാറ്റേണുകളുടെ അടിസ്ഥാനത്തില്‍ ഫലം പ്രഖ്യാപിക്കുകയുമായിരുന്നു.

മധ്യവയസ്സെത്തുമ്പോള്‍ ഉണ്ടാവുന്ന ബോഡി മാസ് ഇന്‍ഡക്‌സിലെ ഇടിവ് ഡിമന്‍ഷ്യ ഉണ്ടാക്കാനുള്ള സാധ്യത കൂട്ടുന്നു എന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. തുടര്‍ന്ന് നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍, ഇടിവിനുശേഷം ബോഡി മാസ് ഇന്‍ഡക്‌സില്‍ ഉയര്‍ച്ച ഉണ്ടാകുന്നുണ്ടെന്നും ഇത് ഡിമന്‍ഷ്യയുടെ തോതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കണ്ടെത്തി.

ശരീരഭാരം കൃത്യമായി നോക്കിക്കൊണ്ടിരിക്കണമെന്നും അതിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ രേഖപ്പെടുത്തണമെന്നും പ്രൊഫ.റോഡ പറയുന്നു. മധ്യവയസ്സെത്തുമ്പോള്‍ ശരീരഭാരത്തില്‍ അകാരണമായി ഇടിവുണ്ടായാല്‍ അതിനെ നിസ്സാരമായി തള്ളിക്കളയാതെ, അതിന്റെ കാരണമന്വേഷിക്കുകയും ഡോക്ടറെ സമീപിക്കുകയും വേണം. തുടക്കത്തിലേ കണ്ടെത്തി ചികില്‍സ തേടേണ്ട രോഗമാണ് ഡിമന്‍ഷ്യ. ആഗോളതലത്തില്‍ത്തന്നെ ഇത് ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ലോകത്തെ 500 ലക്ഷം ജനങ്ങളെയാണ് നിലവില്‍ ഈ ഭീകരന്‍ കീഴടക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *