ഡ്യൂട്ടിക്കിടെ ഉറക്കം, ഭക്ഷണ പാത്രത്തില്‍ മൂത്രമൊഴിച്ചു; പൊലീസ് നായയുടെ വാര്‍ഷിക ബോണസ് നഷ്ടമായി

പൊലീസായാല്‍ അച്ചടക്കം നിർബന്ധമാണ്. അത് പൊലീസ് ഉദ്യോഗസ്ഥനായാലും പൊലീസ് നായയായാലും. അത്തരത്തിൽ ജോലിക്കിടയിൽ അച്ചടക്കലംഘനം നടത്തിയതിന് ചൈനയിലെ പൊലീസ് നായയ്ക്ക് വർഷാവസാന ബോണസാണ് നഷ്ടമായത്. രാജ്യത്തെ ആദ്യ കോർ​ഗി ഇനത്തിൽപ്പെട്ട പൊലീസ് നായയായ ഫുസായിക്കാണ് അച്ചടക്ക നടപടി നേരിടേണ്ടി വന്നത്. ഡ്യൂട്ടിക്കിടയിൽ ഉറങ്ങി, ഭക്ഷണം നൽകിയ പാത്രത്തിൽ മൂത്രം ഒഴിച്ചു തുടങ്ങിയ അസാധാരണ പെരുമാറ്റം കണക്കിലെടുത്താണത്രേ നടപടി. ‌

വെയ്ഫാങ് പബ്ലിക് സെക്യൂരിറ്റി ബ്യൂറോ നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഫുസായ്ക്ക് ബോണസ് നഷ്ടമായ കഥ പങ്കുവെച്ചത്. ഫുസായിയുടെ 2024 ലെ സംഭാവനകൾ എടുത്തുകാണിക്കുന്നതാണ് വിഡിയോ. പോലീസ് നായ്ക്കൾക്കുള്ള ലെവൽ 4 പരീക്ഷ ഫുസായി വിജയിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നതും വിഡിയോയിലുണ്ട്. ഇതിന് ഫുസായിക്ക് ചുവന്ന പൂവും സ്നാക്സും സമ്മാനമായി നല്‍കി. എന്നാൽ സമീപകാലത്തെ പെരുമാറ്റം കാരണം വാര്‍ഷിക ബോണസ് നഷ്ടപ്പെടുമെന്നും സ്നാക്സ് പിഴയായി ഈടാക്കും എന്നും പൊലീസുകാരന്‍ പറയുന്നു. ശേഷം വനിതാ പൊലീസ് സ്നാക്സ് തിരികെ‌യെടുക്കുന്നതും വിഡിയോയില്‍ കാണാം. സംഭവം വൈറലായതിന് പിന്നാലെ ഫുസായിയുടെ നിരവധി ആരാധകരാണ് അവൻ്റെ ബോണസ് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *