ടൈഫോയിഡ് മേരി; ചരിത്രത്തില്‍ 28 വര്‍ഷം ക്വാറന്റൈൻ

ക്വാറന്റൈൻ എന്ന വാക്ക് ഇന്ന് എല്ലാവർക്കും സുപരിചിതമായ ഒന്നാണ്. പരിചയപ്പെട്ട നാളുകളിൽ ആദ്യമാദ്യം പേടിയോടെയും പിന്നെപ്പിന്നെ അസഹിഷ്ണുതയോടെയും ആണ് നമ്മളതിനെ നേരിട്ടത്. ഇന്നിപ്പോൾ ക്വാറന്റൈൻ എന്ന് കേട്ടാലേ കോമഡിയാണ്. ഏതോ വിദൂരകാലത്ത് മറ്റാരുടെയോ ജീവിതത്തിൽ നടന്ന എന്തോ സംഭവത്തെ പറ്റിയാണ് പറയുന്നതെന്ന് പോലും തോന്നും. 

രണ്ടാഴ്ചയൊക്കെ ക്വാറന്റൈൻ എന്ന് കേട്ടാൽ ഇത്രയും ദിവസമൊക്കെ എങ്ങനെ ഒരാൾ അത് സഹിക്കും എന്ന് നമ്മളിന്ന് ആത്മാർത്ഥമായി ആശ്ചര്യപ്പെടും. എന്നാൽ ക്വാറന്റൈന്‍റെ ചരിത്രത്തില്‍ 28 വര്‍ഷം ക്വാറന്റൈൻ ചെയ്യപ്പെട്ട ഒരാളുണ്ടായിരുന്നു. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ജീവിച്ചിരുന്ന, അയര്‍ലണ്ട് കാരിയായ മേരി മലോണ്‍.

മേരി ഒരു നല്ല കുക്കായിരുന്നു. പക്ഷെ അവര്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിച്ച വീട്ടുകാര്‍ക്കെല്ലാം വയറിളക്കവും ഛർദിയും പനിയും വന്നു കിടപ്പിലാവുന്നത് സ്ഥിരം സംഭവമായിരുന്നു. വീട്ടുകാര്‍ ആശുപത്രിയിലാകുമ്പോഴേക്കും മേരി ആ നാടുവിടും. വേറൊരു നാട്ടിൽ മറ്റൊരു വീട്ടില്‍ ജോലിക്കാരിയാവും. ഇങ്ങനെ മേരി ജോലിക്ക് നിന്നിടത്തെല്ലാം രോഗം പടർന്നു. പലരും മരിച്ചു. പക്ഷെ മേരിക്ക് മാത്രം രോഗം വന്നില്ല.

ഒടുവില്‍ ഒരു കോടീശ്വരന്‍റെ റിസോർട്ടിലും മേരി ജോലിക്കാരിയായി. ആദ്യം അവിടുത്തെ കുട്ടിയ്ക്കു രോഗം വന്നു. ആ രോഗം ടൈഫോയിഡാണെന്ന് സ്ഥിരീകരിച്ചു. പിന്നെ ആ കുടുംബത്തിൽ ഓരോരുത്തർക്കായി ടൈഫോയ്ഡ് പകർന്നു കിട്ടി. അന്നത്തെ കാലത്ത് വളരെ ഗുരുതരരോഗം ആയതിനാൽ ആരോഗ്യവകുപ്പ് ആ റിസോർട്ട് പൂട്ടിച്ചു. വൃത്തിയില്ലാത്ത സാഹചര്യങ്ങളില്‍ കണ്ടുവരാറുള്ള ഈ രോഗമെങ്ങനെ തങ്ങള്‍ക്ക് വന്നു എന്ന് റിസോർട്ട് മുതലാളിക്ക് സംശയമായി. അവരതിനെ പറ്റി പഠിക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ജോർജ്ജ് സോപ്പർ എന്ന പകർച്ചവ്യാധി അന്വേഷകനായിരുന്നു അത്.

മേരി മെലൺ എന്നു പേരുള്ള ഒരു പാചകക്കാരി ആ റിസോർട്ടിൽ നിന്നും അപ്രത്യക്ഷയായതായി അയാൾ കണ്ടെത്തി. അങ്ങനെ ജോർജ്ജ് സോപ്പർ അവരെ തിരയാനാരംഭിച്ചു. പണ്ട് ജോലി ചെയ്തിരുന്ന ഇടങ്ങളിലൊക്കെ അന്വേഷിച്ചതിൽ നിന്ന് മേരി ആണ് വില്ലത്തിയെന്നു കണ്ടെത്തുമ്പോഴേക്കും അവർ ആ നാടു തന്നെ വിട്ടിരുന്നു. സംഗതി കേസായി. പോലീസ് ഒടുവിൽ മേരിയെ തേടിപ്പിടിച്ചു, മറ്റൊരു നാട്ടിലെ മറ്റൊരു വീട്ടിൽ നിന്നും.

കാര്യം പറഞ്ഞു മനസിലാക്കാന്‍ നോക്കിയിട്ടും മേരി, താനാണു ഇതിനെല്ലാം കാരണമെന്നു മാത്രം സമ്മതിച്ചില്ല. സമ്മതിക്കാൻ മേരിക്ക് രോഗലക്ഷണങ്ങൾ ഒന്നുമില്ല. കാരണം മേരി ഒരു കാരിയർ മാത്രമാണ്. ഒരു ടൈഫോയിഡ് കാരിയർക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടാവില്ല, പക്ഷെ അവരുടെ പിത്തസഞ്ചിയിൽ ഈ ബാക്ടീരിയ സ്ഥിരവാസിയായിരിക്കും.

മേരി സമ്മതിച്ചില്ലെങ്കിലും കോടതി മേരിയെ ക്വാറന്റൈൻ ചെയ്യാന്‍ വിധിച്ചു. മൂന്നു വര്‍ഷത്തെ ക്വാറന്റൈൻ കഴിഞ്ഞപ്പോള്‍ രോഗിയല്ലാത്ത ഒരാളെ ഇങ്ങനെ തടവില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലാന്ന് കണ്ടു അവരെ റിലീസ് ചെയ്തു, ഇനിയൊരിക്കലും പാചക ജോലി ചെയ്യില്ലായെന്നുള്ള ഒരൊറ്റ ഉറപ്പില്‍.

പക്ഷെ മേരി മലോണ്‍ പേര് മാറ്റി മേരി ബ്രൗണ്‍ ആയി വീണ്ടും പാചകത്തിന് പോയി. അവിടങ്ങളിൽ വീണ്ടും ടൈഫോയിഡ് പടരാന്‍ തുടങ്ങി. ഒറ്റയടിക്ക് 27 പേർക്ക്. അങ്ങനെ വീണ്ടും അവരെ പോലീസ് പിടിച്ചു. ഇപ്രാവശ്യം കോടതി മേരിയെ ആജീവനാന്ത ക്വാറന്റൈന് വിധിച്ചു. തുടർന്ന് മരിക്കും വരെ മേരി തുടർച്ചയായ 27 വര്‍ഷവും 7 മാസവും ക്വാറന്റൈൻ തടവുകാരിയായി കഴിഞ്ഞു.

ഇതൊക്കെ ആന്റിബയോട്ടിക് കണ്ടുപിടിക്കുന്നതിനു മുമ്പുള്ള കഥയാണ്. ഇന്നിപ്പോള്‍ ടൈഫോയിഡ് വന്നാലും നമുക്ക് നല്ല ചികിത്സയുണ്ട്. അന്നങ്ങനെയല്ല, ഒരൊറ്റ മേരി കാരണം അമ്പതിലധികം പേര്‍ ഈ ടൈഫോയിഡ് വന്നു മരിച്ചു എന്നാണ് പറയപ്പെടുന്നത്. അവരെ ചരിത്രം, ടൈഫോയിഡ് മേരി എന്നാണ് വിളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *