മദ്യമോഷണത്തിനിടെ കുടിയന്‍ പിടിയിലായി. ഓസ്‌ട്രേലിയയിലെ പെര്‍ത്തിലുള്ള ലിക്വര്‍ ഷോപ്പിലാണ് രസകരമായ സംഭവം നടന്നത്. ഷോപ്പില്‍ തിരക്കൊഴിഞ്ഞ സമയത്തായിരുന്നു മോഷണശ്രമം. ഒരു പെട്ടി മദ്യമെടുത്ത് ബില്‍ കൗണ്ടറിലെ ജീവനക്കാരിയുടെ മുന്നിലൂടെ വേഗത്തില്‍ നടന്നു പുറത്തുകടക്കാന്‍ ശ്രമിച്ച കുടിയന്‍ കുടുങ്ങുകയായിരുന്നു.
വനിതാ ജീവനക്കാരിയായിരുന്നു ആ സമയം ക്യാഷിയര്‍. തന്റെ മുന്നിലൂടെ കടന്നുപോയ മോഷ്ടാവിന്റെ പ്രവൃത്തിയില്‍ ആശങ്കപ്പെട്ട ജീവനക്കാരി ഓട്ടോമാറ്റിക് ഡോര്‍ ക്ലോസ് ചെയ്യുകയായിരുന്നു. ജീവനക്കാര്‍ക്കു നിയന്ത്രിക്കാവുന്ന പ്രവേശനസംവിധാനമാണ് ഷോപ്പിനുണ്ടായിരുന്നത്. പുറത്തേക്കു കടക്കാനുള്ള ശ്രമം കുടിയന്‍ നടത്തുന്നുണ്ടെങ്കിലും അയാള്‍ കുടുങ്ങുകയായിരുന്നു. തനിക്കു പുറത്തുകടക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ മോഷ്ടാവ് കൗണ്ടറിലേക്കു തിരിച്ചെത്തി ജീവനക്കാരിയുടെ മുന്നില്‍ മദ്യം തിരിച്ചുവച്ച് രക്ഷപ്പെടുകയായിരുന്നു.
സംഭവം കേള്‍ക്കുന്നവര്‍ക്കു തമാശയാണെങ്കിലും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നത്. അയാളുടെ കൈവശം തോക്ക് അല്ലെങ്കില്‍ മറ്റ് ആയുധങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ആ ജീവനക്കാരിയുടെ അവസ്ഥ എന്താകുമായിരുന്നു എന്നാണ് ഉയരുന്ന ചോദ്യം. അത്രയും വലിയൊരു ലിക്വര്‍ ഷോപ്പില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ പോലും ഇല്ലാതിരുന്നത് ഗുരുതരമായ സുരക്ഷാവീഴ്ചയായാണു വിലയിരുത്തപ്പെടുന്നത്. എന്തായാലും പെര്‍ത്തിലെ കുടിയന്‍ ലോകമെങ്ങും തരംഗമായി. കുടിയനെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചു.