ഈ മൂന്നു ചേരുവകൾ മതി; താരനെ തുരത്തിയോടിക്കാം

മുടിയുടെയും തലയോട്ടിയുടെയും അനാരോഗ്യത്തിന്റെ ലക്ഷണമായാണ് താരൻ നിലനിൽക്കാറുള്ളത്. മുടിയിൽ താരനുണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടുമാകാം. എണ്ണമയവും അഴുക്കുമില്ലാതെ സൂക്ഷിച്ചാൽ ഒരുപരിധി വരെ താരനെ അകറ്റാൻ കഴിയും.

ഒരാളിൽ നിന്ന് മറ്റൊരാളിലേക്കും താരൻ പകരാറുണ്ട്. പ്രകൃതിദത്തമായ പല മാർഗങ്ങളിലൂടെ താരൻ അകറ്റാൻ സാധിക്കും. താരൻ മാറാൻ സഹായിക്കുന്ന മരുന്ന് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കറ്റാർ വാഴ, ചെറുനാരങ്ങ, വെളിച്ചെണ്ണ എന്നീ മൂന്ന് ചേരുവകളാണ് ഇതിന് വേണ്ടത്.

കറ്റാർവാഴ ആരോഗ്യത്തിനും സൗന്ദര്യ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ ഗുണം നൽകുന്ന ഒന്നാണ്. കറ്റാർ വാഴയും ചർമ്മത്തിനും മുടിക്കും ധാരാളം ഗുണങ്ങൾ പകരുന്നു. ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, അവശ്യ അമിനോ ആസിഡുകൾ, സിങ്ക്, ചെമ്പ് തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഇത്.

താരൻ, മുടി കൊഴിച്ചിൽ, മുടി പൊട്ടിപ്പോകുന്നത്, വരണ്ട മുടി അങ്ങനെ മുടിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്കെല്ലാമായി കറ്റാർവാഴ ഉപയോഗിയ്ക്കാൻ സാധിയ്ക്കും. മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാനും മുടി വളരാനും ഇത് സഹായിക്കും.

നല്ല ശുദ്ധമായ വെളിച്ചെണ്ണ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറെ നല്ലതാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ മുടിയുടെ ആരോഗ്യത്തിന് മികച്ചതാണ്. വരണ്ടതും പരുപരുത്തതുമായ മുടിയുടെ പ്രശ്നം ഇല്ലാതാക്കാൻ ഇത് നിങ്ങളെ സഹായിക്കും. പ്രോസസ് ചെയ്യാത്ത റോ കോക്കനട്ട് ഓയിൽ ഉപയോഗിയ്ക്കുന്നതാണ് കൂടുതൽ നല്ലത്.

ഇത് ശിരോചർമത്തിൽ പുരട്ടുന്നത് താരൻ പോലുള്ള പല പ്രശ്‌നങ്ങൾക്കും ഗുണം നൽകും. വെളിച്ചെണ്ണ നല്ലൊരു കണ്ടീഷണർ ഗുണം കൂടി നൽകുന്ന ഒന്നാണ്. പ്രത്യേകിച്ചും വരണ്ട് പറന്നു കിടക്കുന്ന മുടിയ്ക്ക് ഇതേറെ നല്ലതാണ്.

ചെറുനാരങ്ങയ്ക്കും സൗന്ദര്യ, മുടിസംബന്ധമായ ഗുണങ്ങൾ പലതാണ്. താരൻ കളയാനുള്ള ഏറ്റവും മികച്ച പരിഹാരമാർഗമാണ് നാരങ്ങ നീര്. വൈറ്റമിൻ സിയും ഗുണകരമായ സസ്യ സംയുക്തങ്ങളും കൊണ്ട് സമ്പന്നമാണ് നാരങ്ങ. നാരങ്ങ നീര് ഒരു കാരണവശാലും നേരിട്ട് മുടിയിൽ ഉപയോഗിക്കരുത്. ഇത് ഏതെങ്കിലും ചേരുവകളുമായി ചേർത്തു വേണം, ഉപയോഗിയ്ക്കാൻ. ഇത് അധികം ഉപയോഗിയ്ക്കുകയും അരുത്. പ്രത്യേകിച്ചും വരണ്ട മുടിയെങ്കിൽ.

ഹെയർ പാക്കിനായി വേണ്ടത് കറ്റാർവാഴ അരയ്ക്കുക. ഇതിലേയ്ക്ക് അൽപം വെളിച്ചെണ്ണയും നാരങ്ങാനീരും ചേർത്തിളക്കുക. ഇതെല്ലാം ചേർത്ത് മിക്‌സ് ചെയ്ത് ഇത് ശിരോചർമത്തിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂർ ശേഷം കഴുകാം. ഇത് ആഴ്ചയിൽ രണ്ടു തവണ വീതം അൽപനാൾ അടുപ്പിച്ച് ചെയ്താൽ കാര്യമായ ഗുണം ലഭിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *