രാത്രിയിൽ പ്രകാശം പരത്തിനിൽക്കുന്ന “കൂൺ’ സങ്കൽപ്പിക്കാനാകുമോ? പലതരം കൂണുകൾ കണ്ടു പരിചയിച്ചിട്ടുണ്ടാകാം, എന്നാൽ പ്രകാശിക്കുന്ന കൂൺ കണ്ടിട്ടുള്ളത് അപൂർവം ചിലർ മാത്രം. കാസർഗോഡ് ജില്ലയിലെ നിബിഡവനത്തിലാണു ശാസ്ത്രജ്ഞർ അപൂർവ ബയോലുമിനസെന്റ് കൂൺ കണ്ടെത്തിയത്. “ഫിലോബോലെറ്റസ് മനിപുലാരിസ്’ എന്നറിയപ്പെടുന്ന ഫംഗസ് ആണു രാത്രികാലങ്ങളിൽ സ്വയം പ്രകാശിക്കുന്നത്. അണിഞ്ഞൊരുങ്ങിയപോലെ മനോഹരമായ പച്ചനിറത്തിലാണ് ആ സുന്ദരിക്കൂൺ പ്രകാശം പരത്തുന്നത്.
പാരിസ്ഥിതിക സമ്പന്നതയ്ക്കു പേരുകേട്ട റാണിപുരം വനത്തിൽ നടത്തിയ സമഗ്രമായ കുമിൾ സർവേയിലാണു വിചിത്രമായ കൂൺ കണ്ടെത്തിയത്. മഷ്റൂംസ് ഓഫ് ഇന്ത്യ കമ്യൂണിറ്റിയുമായി സഹകരിച്ച് കേരള വനം-വന്യജീവി വകുപ്പിന്റെ കാസർകോട് ഡിവിഷനാണു സർവേ നടത്തിയത്. അന്പതിലേറെ ഇനം കൂണുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ സവിശേഷതകൊണ്ടു വ്യത്യസ്തമായതാണ് “ഫിലോബോലെറ്റസ് മനിപുലാരിസ് ‘.
കൂണുകളിൽ അടങ്ങിയിരിക്കുന്ന ലൂസിഫെറിൻ, ലൂസിഫെറേസ് എന്നിവ ഓക്സിജനുമായി രാസപ്രവർത്തനം നടക്കുമ്പോഴാണു പ്രകാശം (ബയോലുമിനെസെൻസ്) പരത്തുന്നത്. ഈ സ്വാഭാവിക തിളക്കം പ്രാണികളെ ആകർഷിക്കുകയും ബീജങ്ങളുടെ വ്യാപനത്തെ സുഗമമാക്കുകയും ഫംഗസുകളുടെ പ്രത്യുത്പാദനചക്രത്തിനു സംഭാവന നൽകുകയും ചെയ്യുമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.
ആകർഷകമായ രൂപം ഉണ്ടായിരുന്നിട്ടും, വിഷാംശമുള്ളതിനാൽ ഇത്തരം കൂണുകൾ കഴിക്കുന്നതിനെതിരേ ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ബയോലുമിനെസെൻസിന് കാരണമാകുന്ന രാസവസ്തുക്കൾ മനുഷ്യർക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. അതുകൊണ്ടു ഇത്തരം കൂണുകൾ കഴിക്കരുതെന്നും അവർ പറയുന്നു.