ഇയാള്‍ പരിശീലകനോ അതോ കാലനോ..! ഒരു ജിം പീഡന വീഡിയോ

ജിം പരിശീലവനുമായി ബന്ധപ്പെട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. പരിശീലകരുടെ ക്രൂരമായ പെരുമാറ്റം പലരെയും ജിമ്മില്‍നിന്ന് അകറ്റിയിട്ടുണ്ടെന്ന് ഇതിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹരിയാന ഗുഡ്ഗാവിലെ ഒരു ജിമ്മില്‍നിന്നുള്ള വീഡിയോ ക്രൂരതയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നു.

രണ്ടു പരിശീലകര്‍ ഒരു യുവാവിനെ വെയിറ്റ് ലിഫ്റ്റിങ്ങിനായി പീഡിപ്പിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവിനു താങ്ങാന്‍ കഴിയാത്ത ഭാരമാണ് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യുവാവിന്റെ കഴുത്തിനു പിടിച്ചു ഞെരിക്കുന്നതും പുറത്തു അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് യുവാവിന്റെ സമീപത്തേക്കെത്തുന്ന രണ്ടാമത്തെ പരിശീലകന്‍ വെയിറ്റ് ലിഫ്റ്റിങ്ങിനു പ്രേരിപ്പിക്കുന്നു. യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് ഭാരമെടുപ്പിക്കുന്നു. ഈ സമയം ആദ്യത്തെ പരിശീലകന്‍ കൈയില്‍ വലിയൊരു വടിയുമായി യുവാവിന്റെ പിന്നില്‍ നിന്ന് അടിക്കാന്‍ ഓങ്ങുന്നതും കാണാം. പരിശീലകരുടെ ക്രൂരമായ പരിഹാസവും കേള്‍ക്കാം.

വെയിറ്റ് എടുക്കാന്‍ കഴിയാതെ യുവാവു പിന്‍വാങ്ങുമ്പോള്‍ പരിശീലകന്‍ പുറത്തു അടിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.

ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ നൂറുകണക്കിന് ആളുകളാണ് കണ്ടത്. ചിലര്‍ അവരുടെ പരിശീലകരാല്‍ മര്‍ദ്ദിക്കപ്പെട്ടതിന്റെ സ്വന്തം അനുഭവങ്ങള്‍ പ്രതികരണങ്ങളായി പങ്കുവച്ചു. പരിശീലകന്റെ വടിയില്‍ ‘മോട്ടിവേഷന്‍’ എന്ന് എഴുതിയിട്ടുണ്ടെന്ന് ഒരാള്‍ പരിഹാസത്തോടെ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ പീഡനശാലകളാകുന്ന ജിം സംസ്‌കാരത്തെക്കുറിച്ചു നിരവധി പേരാണ് തങ്ങളുടെ ആശങ്ക അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *