ഇതാണ് സ്വർഗം…വട്ടവടയിലേക്കു വരൂ…

ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളും കാലാവസ്ഥയുമാണ് ഇടുക്കിയുടെ സൗന്ദര്യം. വിദേശ-ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിനോടു ചേർന്നുള്ള വട്ടവട പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഭൂപ്രദേശമാണ്. പച്ചക്കറിയും പഴങ്ങളും ഈ ഗ്രാമത്തിൽ ധാരാളമായി കൃഷി ചെയ്യുന്നു. മൂന്നാറിൽനിന്ന് 44 കിലോമീറ്റർ ദൂരെ തമിഴ്‌നാടിനോടു ചേർന്നുകിടക്കുന്ന അതിർത്തിഗ്രാമം സഞ്ചാരികളുടെ പറുദീസയാണ്.

സമുദ്രനിരപ്പിൽനിന്ന് 6,000 അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന പ്രദേശമെന്ന പ്രത്യേകതയും വട്ടവടയ്ക്കുണ്ട്. വർണങ്ങൾ വാരിവിതറിയപോലെ കാടിനോടിടചേർന്ന കൃഷിയിടങ്ങൾ ദൂരക്കാഴ്ചയിൽ മനോഹരമായ പെയിൻറിംഗുകൾ പോലെ തോന്നും. യൂക്കാലിപ്റ്റസ്, പൈൻ മരങ്ങൾ ധാരാളമുളള ഗ്രാമമേഖല അപൂർവങ്ങളായ ചിത്രശലഭങ്ങളുടെ വാസസ്ഥലമാണ്.

വട്ടവടയിൽനിന്ന് കൊടൈക്കനാൽ, ടോപ്സ്റ്റേഷൻ, മാട്ടുപ്പെട്ടി, കാന്തല്ലൂർ, മീശപ്പുലിമല എന്നിവിടങ്ങളിലേക്കും വഴികളുണ്ട്. പ്രകൃതിഭംഗി ആസ്വദിച്ചുളള നടത്തം ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും സഞ്ചാരികൾക്ക്. സ്വകാര്യ വിനോദയാത്രാ സംഘാടകർ ജീപ്പ് സഫാരി, ബൈക്ക് റൈഡ്, കാട്ടിനകത്തെ താമസം എന്നിവയ്ക്കു സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

വട്ടവടയ്ക്കു തനതായ ആചാരങ്ങളും പാരമ്പര്യവുമുണ്ട്. ഗോത്രവർഗജനതയുടെ ആദിമകഥകളാണ് വട്ടവടയുടെ തനിമ. വിവിധ കലാരൂപങ്ങൾ, നാട്ടുവൈദ്യം, ജീവിതരീതി എന്നിവയെല്ലാം കാലങ്ങളായി സഞ്ചാരികളെയും ഗവേഷകരെയും ആകർഷിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *