അദ്ഭുതം തന്നെ, ആനക്കൂട്ടത്തെ ബഹുമാനിക്കുന്ന കടുവ! വിഡിയോ കാണാം

വനത്തിനുള്ളിലെ മൃഗങ്ങളുടെ ജീവിതം മനുഷ്യനെന്നും അദ്ഭുതമാണ്. ദിവസങ്ങളായി അരിക്കൊമ്പൻ എന്ന കാട്ടാനയുടെ വിശേഷങ്ങളാണ് വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. അരിക്കൊമ്പനെ പിടിക്കുന്നതും തേക്കടിയിലേക്കു കൊണ്ടുപോകുന്നതും ഉൾക്കാട്ടിൽ തുറന്നുവിട്ടതുമെല്ലാം മാധ്യമങ്ങൾ പൂരം പോലെ ആഘോഷിച്ചു. ഇപ്പോൾ ഉൾക്കാട്ടിൽനിന്നുള്ള മറ്റൊരു സംഭവം വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നു.

ആനക്കൂട്ടത്തിനു കടന്നുപോകാൻ വഴിയിൽനിന്നു മാറിനിൽക്കുന്ന കടുവയാണ് ഇപ്പോൾ താരം. ആനത്താരയിലൂടെ കടന്നുപോകുന്ന ആനക്കൂട്ടത്തെ കണ്ട കടുവ പതുങ്ങിക്കിടക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. അവസാനത്തെ ആനയും കടന്നുപോകുന്നതുവരെ കടുവ പതുങ്ങിക്കിടക്കുന്നു. കടുവ പുല്ലിൽ പതുങ്ങിക്കിടക്കുന്നത് ആനകൾ ശ്രദ്ധിക്കുന്നതേയില്ല. ആനകൾ കടന്നുപോയതിനു ശേഷം കടുവ ഇനിയാരെങ്കിലുമുണ്ടോ എന്ന അർഥത്തിൽ ആനത്താരയിലേക്കു നോക്കിനിൽക്കുന്നു. അപ്പോഴാണ് മറ്റൊരു ആന കടന്നുവരുന്നത്. ആനയെ കാണുന്നതും കടുവ പുൽമേടുകളിലേക്ക് ഓടിയൊളിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, കടുവ ആനയെ കണ്ട് ഭയന്നിരുന്നതല്ലെന്നു വനംവന്യജീവി മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു. കൂട്ടത്തിൽ കുട്ടിയാന ഉണ്ടെങ്കിൽ അതിനെ ആക്രമിക്കാനാണത്രെ കടുവ പതുങ്ങിയത്! കടുവയുടെ ശരീരഭാഷ സൂചിപ്പിക്കുന്നത് അതാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സുശാന്ത നന്ദ എന്ന ട്വിറ്റർ അക്കൗണ്ടിൽനിന്നു പങ്കുവച്ച വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ മൃഗസ്നേഹികൾ ഏറ്റെടുത്തുകഴിഞ്ഞു. ഏതു വനത്തിലെ ദൃശ്യങ്ങളാണു പങ്കുവച്ചിട്ടുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ഇന്ത്യയിലെ ഏതോ വനത്തിൽനിന്നുള്ള വീഡിയോ ആണിത്.

Leave a Reply

Your email address will not be published. Required fields are marked *