ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്സിസിഐ) സംഘടിപ്പിച്ച 35-ാമത് ഷാർജ റമസാൻ ഫെസ്റ്റിവൽ സമാപിച്ചു. മേള എമിറേറ്റിന്റെ റീട്ടെയിൽ മേഖലയ്ക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും പുത്തനുണർവേകി. ഏകദേശം 500 ദശലക്ഷം ദിർഹത്തിന്റെ വ്യാപാരം രേഖപ്പെടുത്തി. ഇത് മുൻ വർഷമായ 2024നെ അപേക്ഷിച്ച് 25% വർധനവാണ്.
38 ദിവസം നീണ്ടുനിന്ന ഫെസ്റ്റിവലിൽ എമിറേറ്റിലെങ്ങുമുള്ള നഗരങ്ങളിലെ ഷോപ്പിങ്, പ്രമോഷണൽ ഓഫറുകൾ, കിഴിവുകൾ, വിനോദ പരിപാടികൾ എന്നിവ ഉണ്ടായിരുന്നു. വിവിധ ഉൽപന്നങ്ങൾക്ക് 75% വരെ കിഴിവ് വാഗ്ദാനം ചെയ്ത പ്രമുഖ റീട്ടെയിലർമാർ, സംരംഭകർ, ചെറുകിട ബിസിനസ് ഉടമകൾ എന്നിവർ ഫെസ്റ്റിവലിൽ പങ്കെടുത്തു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഷാർജ ചേംബർ ആരംഭിച്ച ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക സംരംഭങ്ങളിലൊന്നാണ് ഷാർജ റമസാൻ ഫെസ്റ്റിവൽ എന്ന് എസ്സിസിഐ ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമിൻ അൽ അവാദി പറഞ്ഞു.
എമിറേറ്റിലെ റീട്ടെയിൽ മേഖലയുടെ വളർച്ചയുടെ പ്രധാന ചാലകശക്തി എന്ന നിലയിൽ റമസാനിൽ ഷാർജയുടെ വാണിജ്യ, ടൂറിസം മേഖലയിൽ അസാധാരണമായ ഉണർവ് നൽകുന്ന വാർഷിക പരിപാടിയായി ഈ ഫെസ്റ്റിവൽ തുടരുന്നു. പ്രാദേശിക ബിസിനസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സുസ്ഥിരമായ സാമ്പത്തിക ഉത്തേജനം സൃഷ്ടിക്കുക എന്ന ചേംബറിന്റെ കാഴ്ചപ്പാടിനെ ഇത് പ്രതിഫലിപ്പിക്കുന്നു.
വാണിജ്യപരവും സാമ്പത്തികവുമായ പ്രാധാന്യത്തിനപ്പുറം ഷാർജയിലെ റമസാനിലെ ഒരു പ്രധാന ഘടകമെന്ന നിലയിൽ ഫെസ്റ്റിവൽ എല്ലാ വർഷവും അതിന്റെ പങ്ക് ശക്തിപ്പെടുത്തുന്നുവെന്ന് എസ് സിസിഐയിലെ കോർപറേറ്റ് കമ്യൂണിക്കേഷൻ ഡയറക്ടറും ഷാർജ റമസാൻ ഫെസ്റ്റിവലിന്റെ ജനറൽ കോഓർഡിനേറ്ററുമായ ജമാൽ സയീദ് ബൗസഞ്ജൽ പറഞ്ഞു. ഫെബ്രുവരി 22 ന് ആരംഭിച്ച് മാർച്ച് 31 വരെ നീണ്ടുനിന്ന ഫെസ്റ്റിവലിൽ എക്സ്ക്ലൂസീവ് പ്രമോഷനുകൾ, ഷോപ്പിങ് വൗച്ചറുകൾ, ആകർഷകമായ സമ്മാനങ്ങൾ എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന ഓഫറുകളുമുണ്ടായിരുന്നു.