സൗദിയിൽ നിയമം ലംഘിച്ച ഏഴായിരത്തിലധികം വെബ്‌സൈറ്റുകളുടെ പ്രവർത്തനം നിർത്തലാക്കി. 22,900ൽ കൂടുതൽ ഓൺലൈൻ ഉള്ളടക്കങ്ങളും വിവിധ ഓൺലൈൻ സ്റ്റോറുകളിൽ നിന്നായി നീക്കം ചെയ്തു. കോപ്പിറൈറ്റഡ് കണ്ടന്റുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെബ്സൈറ്റുകൾക്കെതിരെയും, ഉള്ളടക്കങ്ങൾക്കെതിരെയുമാണ് നടപടി. സൗദി ഇന്റലക്ച്വൽ പ്രോപ്പർട്ടി അതോറിറ്റിയുടെ പരിശോധനയിലാണ് നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
ഓൺലൈൻ സേവനങ്ങൾ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായി അതോറിറ്റിയുടെ ക്യാമ്പയിൻ തുടരുന്നുണ്ട്. വെബ്‌സൈറ്റുകളെ ലക്ഷ്യമാക്കി നടത്തിയ ഇലക്ട്രോണിക് പരിശോധനാ ക്യാമ്പയിനുകളുടെ ഭാഗം കൂടിയാണ് നടപടി. ഇത്തരം നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്നവർ 920021421 എന്ന നമ്പറിൽ പരാതി നൽകണമെന്നും മന്ത്രാലയം അറിയിച്ചു.