സംസം വെള്ളം വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിർദേശങ്ങൾ ഓർമപ്പെടുത്തി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. സുരക്ഷിതമായും ഗുണമേന്മ നഷ്ടപ്പെടാതെയും സംസം വെള്ളം വിമാനങ്ങളിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാക്കുന്ന നിർദേശങ്ങളാണ് മന്ത്രാലയം ഓർമപ്പെടുത്തിയത്.
തീർത്ഥാടകർ വിമാനത്താവളങ്ങളിലെ ഔദ്യോഗിക വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ സംസം വാങ്ങാൻ പാടുള്ളൂ. പ്രത്യേകം തയ്യാറാക്കിയ കൺവെയർ ബെൽറ്റുകൾ വഴിയാണ് ബോട്ടിലുകൾ ലഗേജിലേക്ക് നൽകേണ്ടത്. സുരക്ഷിതമായും ഗുണമേന്മ നഷ്ട്ടപ്പെടാതെയും സംസം വെള്ളം നാട്ടിലെത്തിക്കാനായി ലഗേജിന് കൂടെ സംസം പാക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. ഇത്തരം പ്രവർത്തി അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഓരോ തീർത്ഥാടകനും ഒരു ബോട്ടിൽ മാത്രമായിരിക്കും അനുവദിക്കുക. അഞ്ചു ലിറ്ററായിരിക്കും അനുവദിച്ച അളവ്. ഇതിനായി ഉംറ വിസ അല്ലെങ്കിൽ നുസുക്ആപ്പിൽ നിന്ന് ലഭ്യമായ അനുമതി ഹാജരാക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
മക്ക, മദീന, ജിദ്ദ, റിയാദ്, ദമ്മാം തുടങ്ങി മുഴുവൻ എയർപോർട്ടുകളിലും നിർദേശങ്ങൾ പാലിച്ചിരിക്കണം. വ്യാജ സംസം വെള്ളം തടയുക, വ്യോമയാന സുരക്ഷ ഉറപ്പാക്കുക, ഗുണമേന്മ കാത്തുസൂക്ഷിക്കുക എന്നിവയുടെ ഭാഗമായാണ് നിർദേശങ്ങൾ.
വിശ്വാസികൾ ഏറ്റവും വിശുദ്ധമായി കണക്കാക്കുന്ന ജലമാണ് സംസം. മക്ക ഹറമിന് സമീപമുള്ള കിണറ്റിൽ നിന്നാണ് ഇത് ലഭിക്കുന്നത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് ഈ ജലം. പുണ്യമാക്കപ്പെട്ട ജലമായതിനാൽ തന്നെ വിശ്വാസികൾ സംസം സ്വന്തം നാട്ടിലേക്ക് കൊണ്ട് പോകാറുണ്ട്. ഇതിനായി പ്രത്യേകം പാക്ക് ചെയ്ത് സംസം നൽകുന്ന സംവിധാനം നിലവിലുണ്ട്.