ആനിമേഷൻ രംഗത്തെ ലോകത്തെ മുൻനിര കലാകാരൻമാർ അണിനിരക്കുന്ന ഷാർജ ആനിമേഷൻ സമ്മേളനത്തിൻറെ മൂന്നാം എഡിഷന് തുടക്കമായി. ഞായറാഴ്ച വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൻറെ ഉദ്ഘാടനം സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർവഹിച്ചു. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്‌മദ് അൽ ഖാസിമി, ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൻ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി എന്നിവർ സന്നിഹിതരായിരുന്നു.
നാലു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളും പ്രഫഷനലുകളും നവീന കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും സഹകരണത്തിന് തുടക്കം കുറിക്കുകയും ചെയ്യും. 72 ലോക ശ്രദ്ധേയരായ കലാകാരൻമാർ നേതൃത്വം നൽകുന്ന 26 പ്രത്യേക വർക്‌ഷോപ്പുകൾ, 21 സംവാദാത്മക പാനൽ ചർച്ചകൾ, സിനിമ പ്രദർശനങ്ങൾ, ആനിമേഷൻ പ്രദർശനങ്ങൾ എന്നിവ സമ്മേളനത്തിൻറെ ഭാഗമായി അരങ്ങേറും. ഉദ്ഘാടനം നിർവഹിച്ച ശൈഖ് സുൽത്താൻ കോൺഫറൻസ് ഹാൾ, പവലിയനുകൾ എന്നിവ സന്ദർശിച്ചു. ഷാർജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന പരിപാടി ഇത്തരത്തിലുള്ള മേഖലയിലെ ആദ്യ സമ്മേളനമാണ്. ഉദ്ഘാടന ചടങ്ങിൽ അതോറിറ്റി നിർമിച്ച അറബ് ആനിമേഷൻ മേഖലയുടെ ചരിത്രം അനാവരണം ചെയ്യുന്ന ഡോക്യുമെൻററി പ്രകാശനവും നടന്നു.
ഇത്തവണ ജാപ്പനീസ് ആനിമേഷന്റെ ആഗോള പൈതൃകത്തെ ആദരിക്കുന്ന രീതിയിലാണ് സമ്മേളനം രൂപപ്പെടുത്തിയിരിക്കുന്നത്. സ്പിരിറ്റഡ് എവേ, മൈ നെയ്ബർ ടൊട്ടോറോ എന്നിവയിൽ സംഭാവനകളർപ്പിപ്പ പ്രമുഖ ജാപ്പനീസ് ആനിമേറ്റർമാരായ മസയുകി മിയാജി, തമിയ തരാഷിമ എന്നിവരുൾപ്പെടെയുള്ളവർ പരിപാടിക്കെത്തുന്നുമുണ്ട്. പെൻസിലിഷ് ആനിമേഷൻ സ്റ്റുഡിയോയുടെ സ്ഥാപകൻ ടോം ബാൻക്രോഫ്റ്റ്, മുളാൻ, അലാഡിൻ എന്നീ പരമ്പരകളിലൂടെ പ്രശസ്തനായ ഡിസ്‌നി ആനിമേറ്റർ ടോണി ബാൻക്രോഫ്റ്റ് തുടങ്ങിയവരും അതിഥികളായെത്തുന്നുണ്ട്. നിലവിൽ കുട്ടികളുടെ വായനോൽസവം ഷാർജ എക്‌സ്‌പോ സെൻററിൽ നടന്നുവരുന്നുണ്ട്. ഞായറാഴ്ചയാണ് വായനോൽസവം അവസാനിക്കുന്നത്.