റമദാൻ അവസാന പത്തിലേക്ക് കടക്കാനിരിക്കെ ശ്രേഷ്ഠമായ രാവ് പ്രതീക്ഷിച്ച് വിശ്വാസികൾ. അവസാന പത്ത് ദിനങ്ങളിൽ ഇരുഹറമുകളിലും പ്രത്യേക രാത്രി നമസ്‌കാരവും പ്രാർത്ഥനയും നടക്കും. ഇതിനായി വിശ്വാസികളെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട് മക്കയും മദീനയും.
പ്രവാചകന് ജിബ്രീൽ മാലാഖ വഴി ഖുർആൻ അവതരിച്ച രാവാണ് ലൈലത്തുൽ ഖദർ അഥവാ വിധിയുടെ രാത്രി. റമദാനിലെ അവസാന പത്തിലെ ഒറ്റയിട്ട ദിവസമാണ് ലൈലത്തുൽ ഖദർ. അതായത് 21, 23, 25, 27 എന്നിങ്ങിനെ ഏതോ ഒരു രാവിലാണ് വിശുദ്ധ ഖുർആൻ അവതരിച്ചത്. ഈ രാത്രി ഓരോ നന്മകൾക്കും ആയിരം മടങ്ങി പ്രതിഫലം ഉണ്ടെന്നാണ് ഇസ്‌ലാമിക പാഠം. ഇതിനെ പ്രതീക്ഷിച്ച് വിശ്വാസികൾ ആരാധനകളിൽ കൂടുതൽ സമയം ചിലവഴിക്കും.
പുണ്യം പ്രതീക്ഷിച്ച് ലക്ഷങ്ങൾ ഈ അവസാന നാളുകളിൽ ഹറമിലേക്ക് ഒഴുകി എത്തും. ഇതിനുള്ള പ്രത്യേക ഒരുക്കങ്ങൾ എല്ലാം ഹറമുകളിൽ പൂർത്തിയാക്കിയിട്ടുണ്ട്.
മുഴുസമയവും ഹറമിൽ ചിലവഴിക്കാൻ അഥവാ ഇഅ്തിഖാഫിന് രജിസ്റ്റർ ചെയ്തവർക്ക് സൗകര്യവും മക്കയിലും മദീനയിലും ഒരുക്കിയിട്ടുണ്ട്. അർധരാത്രി കഴിഞ്ഞ് ദീർഘ നേരത്തെ നമസ്‌കാരവും പ്രാർത്ഥനയും ഇരുഹറമുകളിലും നടക്കും. ഇതിനായി പ്രത്യേക ഇമാമുമാരെയും നിശ്ചയിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് സുരക്ഷാ വലയത്തിലാണ് ഇരുഹറമുകളും.
സൗദിയിലെ പ്രമുഖ പണ്ഡിതന്മാരുടെ കീഴിൽ നടക്കുന്ന ദീർഘമായ രാത്രി നമസ്‌കാരങ്ങളിൽ പങ്കെടുക്കാൻ ലക്ഷങ്ങൾ എത്തും. തിന്മകളിൽ നിന്ന് വിട്ടുകന്ന് ദൈവത്തിലേക്ക് അടുക്കുന്ന ദിനങ്ങളാണ് റമദാനിലെ അവസാന പത്ത് ദിനങ്ങൾ.