റമദാനിൽ അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ആർ.ഒ.പി

റമദാൻ മാസത്തിൽ അപകടങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ദിനചര്യകളിലെ മാറ്റങ്ങളാണ് പലപ്പോഴും അപകടങ്ങൾക്കും പരിക്കുകൾക്കും കാരണമാകുന്നത്. അതിനാൽ, ഗതാഗത സുരക്ഷാ നടപടികൾ പാലിക്കേണ്ടതാണെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി. ഇഫ്താറിന് മുമ്പായി ലക്ഷ്യസ്ഥാനങ്ങളിലെത്താൻ തിടുക്കം കൂട്ടി അമിത വേഗതയിൽ പോകുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമായി നിരീക്ഷിക്കപ്പെടുന്നത്. ഇത് വേഗം പരിധി കവിയുകയും ഗുരുതരമായ നിയമലംഘനങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നോമ്പിനിടെ ക്ഷീണവും ശ്രദ്ധ കുറയുന്നതും അപകട സാധ്യത വർദ്ധിപ്പിക്കുമെന്നും അതിനാൽ ക്ഷമയോടെ വാഹനമോടിക്കേണ്ടതും വേഗം നിയന്ത്രണങ്ങൾ പാലിക്കേണ്ടതും നിർണായകമാണെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.

വാഹനാപകടങ്ങൾക്ക് പ്രധാന കാരണം അമിതവേഗമാണ്. ഇത് ജീവനും മറ്റു നാശനഷ്ടങ്ങൾക്കും കാരണമാകും. അപകടസാധ്യതകൾ കുറക്കാനായി, റോഡിന്റെ അവസ്ഥക്കനുസൃതമായി വേഗം ക്രമീകരിക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും വേണം. ആക്രമണാത്മക ഡ്രൈവിങ് പെരുമാറ്റങ്ങൾ ഒഴിവാക്കണമെന്നും ആർ.ഒ.പി നിർദേശിച്ചു. ഉറക്കം തൂങ്ങിയുള്ള ഡ്രൈവിങ്ങാണ് അപകടത്തലേക്ക് നയിക്കുന്ന മറ്റൊരു കാരണം. രാത്രി ഏറെ ആരാധന കർമങ്ങങ്ങളിലും മറ്റും മുഴുകുന്നവർക്ക് പകലിൽ ക്ഷീണവും മയക്കവും അനുഭപ്പെടാനുള്ള സാധ്യത കൂടുതലാണ്. മയക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സുരക്ഷിത സ്ഥാനത്തേക്ക് വാഹനം നിർത്തി വിശ്രമിച്ചതിനുശേഷം യാത്രം തുടരുക. രക്തചംക്രമണവും ജാഗ്രതയും വർധിപ്പിക്കുന്നതിന് നേരിയ ചലനങ്ങളിൽ ഏർപ്പെടുക. ക്ഷീണം മൂലമുണ്ടാകുന്ന അപകടങ്ങൾ തടയാൻ ശരിയായ വിശ്രമമില്ലാതെ ദീർഘദൂര യാത്ര നടത്തുന്നത് ഒഴിവാക്കുക.

ക്ഷീണിതനായി വാഹനമോടിക്കുന്നത് പെട്ടെന്ന് തടസ്സങ്ങളോട് പ്രതികരിക്കാനുള്ള ഡ്രൈവറുടെ കഴിവിനെ ദുർബലപ്പെടുത്തുന്നു. ദീർഘനേരം ജോലി ചെയ്യുന്നവരോ ദീർഘദൂര യാത്ര ചെയ്യുന്നവരോ വാഹനമോടിക്കുന്നതിന് മുമ്പ് മതിയായ വിശ്രമം ഉറപ്പാക്കണം. ഒറ്റവരി റോഡുകളിൽ സുരക്ഷിതമല്ലാത്ത ഓവർടേക്കിങാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന മറ്റൊരുകാരണം. ചില ഡ്രൈവർമാർ റോഡ് മനസ്സിലാക്കാതെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നു, ഇത് നേർക്കുനേർ കൂട്ടിയിടികൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകും.

ഓവർടേക്ക് ചെയ്യുന്നതിന് മുമ്പ് ഒരു വാഹനവും അടുത്തേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കേണ്ടതണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ട്രക്കുകൾ, ബസുകൾ തുടങ്ങിയ ഹെവി വാഹനങ്ങൾക്ക് സമീപം വാഹനമോടിക്കുമ്പോഴും ജാഗ്രത ആവശ്യമാണ്. സുരക്ഷിതമായ ഡ്രൈവിങ് കൂട്ടായ ഉത്തരവാദിത്തമായതിനാൽ എല്ലാ റോഡ് ഉപയോക്താക്കളും ജാഗ്രത പുലർത്തുകയും വേണം. ഗതാഗത നിയമങ്ങൾ പാലിക്കുക, ക്ഷമ പാലിക്കുക, സഹ ഡ്രൈവർമാരെ ബഹുമാനിക്കുക എന്നിവ അപകടങ്ങൾ തടയാൻ സഹായിക്കുമെന്നും ആർ.ഒ.പി പറഞ്ഞു.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം…

  • വാഹനങ്ങൾക്കിടെ സുരക്ഷിതമായ അകലം പാലിക്കുക
    പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ ഒഴിവാക്കുക
    കടന്നുപോകുന്നതിനുമുമ്പ് ഹെവി വാഹന ഡ്രൈവർക്ക് അവ ദൃശ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക
    ഇഫ്താറിന് മുമ്പുണ്ടാകുന്ന അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ പദ്ധതിയിടുക
    ദീർഘനേരം ജോലി ചെയ്യുന്നവർ മതിയായി ഉറങ്ങിയതിനുശേഷം വാഹനമോടിക്കുക
    ഗതാഗത നിയമങ്ങൾ പാലിക്കുക, അശ്രദ്ധമായി മറികടക്കുന്നത് ഒഴിവാക്കുക.
    ഗതാഗത തിരക്കുള്ള സമയങ്ങളിൽ ക്ഷമയും സഹിഷ്ണുതയും പുലർത്തുക.
    വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക
    സുരക്ഷക്കായി കാൽനടയാത്രക്കാരും സൈക്ലിസ്റ്റുകളും നിയുക്ത ലെയ്‌നുകളും ക്രോസിങുകളും ഉപയോഗിക്കണം

Leave a Reply

Your email address will not be published. Required fields are marked *