യു.എ.ഇ പ്രസിഡൻറും ഖത്തർ അമീറും കൂടിക്കാഴ്ച നടത്തി

യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുമായി അബൂദബിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലെ സാഹോദര്യ ബന്ധത്തെക്കുറിച്ചും, ഇരു രാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തതായി യു.എ.ഇ വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു.

അതോടൊപ്പം പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ അവലോകനം ചെയ്തതായും പരസ്പരം കാഴ്ചപ്പാടുകൾ കൈമാറിയതായും പ്രസ്താവനയിൽ വ്യക്തമാക്കി.
ഞായറാഴ്ച അബൂദബിയിലെത്തിയ ശൈഖ് തമീമിനെ, ശൈഖ് മുഹമ്മദ് ബിൻ സായിദും ഉന്നത ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.

കൂടിക്കാഴ്ചയിൽ യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്‌യാൻ, അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്‌നൂൻ ബിൻ സായിദ് ആൽ നഹ്‌യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്‌യാൻ തുടങ്ങിയവരും, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ ബിൻ ജാസിം ആൽ ഥാനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽ ഥാനി, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *