രാജ്യത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ താക്കീതുമായി കുവൈറ്റ് അമീറും സായുധ സേനയുടെ സുപ്രീം കമാൻഡറുമായ ശെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ്. ആഭ്യന്തര മന്ത്രാലയം ആസ്ഥാനകാര്യാലയം സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥരോട് സംസാരിക്കവെയാണ് മയക്കുമരുന്ന് വ്യാപനത്തിനെതിരെ ദൃഢവും മുഖം നോക്കാതെയുമുള്ള നടപടികൾ സ്വീകരിക്കാൻ അമീർ നിർദേശം നൽകിയത്.
പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സലാം അൽ സബാഹ്, ആഭ്യന്തര അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ശെയ്ഖ് സാലിം നവാഫ് അൽ അഹ്മദ് അൽ സബാഹ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അമീറിന്റെ ഈ നിർദേശം.
യുവാക്കളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ഭാവി സംരക്ഷിക്കുന്നതിനായി മയക്കുമരുന്നുകളെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ കണ്ണികളെയും എല്ലാ ശക്തിയോടെയും ദൃഢതയോടെയും നേരിടണം. ഈ നശീകരണ വിപത്തിൽനിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിൽ ഒരു അലംഭാവവും കാണിക്കരുത്- അമീർ ആഹ്വാനം ചെയ്തു.