ഏപ്രിൽ 23 മുതൽ മക്കയിലേക്ക് പ്രവേശനാനുമതി പെർമിറ്റ് നേടിയവർക്ക് മാത്രമായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിൽ ഹറമിലെത്തുന്ന തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാനും എളുപ്പത്തിലും മനസ്സമാധാനത്തോടെയും അവർക്ക് ഹജ്ജ് കർമങ്ങൾ നിർവഹിക്കാനും ലക്ഷ്യമിട്ടുള്ള ക്രമീകരണങ്ങളും നടപടിക്രമങ്ങളും പ്രഖ്യാപിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രിൽ 23 (ശവ്വാൽ 25, ബുധനാഴ്ച) മുതൽ മക്കയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രദേശവാസികൾ ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പെർമിറ്റുകൾ നേടണം. പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ്, മക്ക മേഖലയിൽ ഇഷ്യൂ ചെയ്ത റസിഡന്റ് ഐ.ഡി (ഇഖാമ), ഹജ്ജ് പെർമിറ്റ് എന്നിവ ഉള്ളവർക്കാണ് മക്കയിലേക്ക് പ്രവേശനം അനുവദിക്കുക. അംഗീകൃത പെർമിറ്റ് ഇല്ലാത്ത താമസക്കാരെ മക്കയിൽ പ്രവേശിക്കുന്നതിൽനിന്ന് തടയുകയും വന്ന സ്ഥലത്തേക്ക് തിരിച്ചയക്കുകയും ചെയ്യും. ഹജ്ജ് വിസയിലുള്ളവർ ഒഴികെ എല്ലാത്തരം വിസകളിലുമുള്ളവർക്ക് മക്ക നഗരത്തിലേക്ക് പ്രവേശനമോ അവിടെ താമസമോ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഹജ്ജ് സീസണിൽ ജോലി ചെയ്യുന്ന താമസക്കാർക്ക് മക്ക നഗരത്തിലേക്കുള്ള എൻട്രി പെർമിറ്റുകൾ ‘അബ്ഷിർ’, ‘മുഖീം പോർട്ടൽ’ എന്നീ പോർട്ടലുകൾ വഴി ഓൺലൈനായി ലഭിക്കും. ഏപ്രിൽ 29 (ചൊവ്വാഴ്ച) മുതൽ 2025 ജൂൺ 10 (തിങ്കളാഴ്ച) വരെ സൗദി, ഇതര ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ പൗരന്മാർ, രാജ്യത്തിനുള്ളിലെ വിദേശതാമസക്കാർ, മറ്റു വിസകൾ ഉള്ളവർ എന്നിവർക്ക് ‘നുസുക്’ പ്ലാറ്റ്ഫോം വഴി ഉംറ പെർമിറ്റുകൾ നൽകുന്നത് നിർത്തലാക്കും. ഉംറ തീർഥാടകർക്ക് രാജ്യത്ത് പ്രവേശിക്കാനുള്ള അവസാന തീയതി ഏപ്രിൽ 13ഓടെ അവസാനിച്ചു.
ഉംറ തീർഥാടകർക്ക് രാജ്യം വിടാനുള്ള അവസാന തീയതി ഏപ്രിൽ 29 (ദുൽഖഅദ് ഒന്ന്, ചൊവ്വാഴ്ച) ആണെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജ് സീസണിനെ നിയന്ത്രിക്കുന്ന വ്യവസ്ഥകൾ പാലിക്കണമെന്നും തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ നിയമപരമായ ശിക്ഷകൾക്ക് വിധേയമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.