റിയാദിലെ റിയൽ എസ്റ്റേറ്റ് മാർക്കറ്റിന്റെ സ്ഥിരത നിലനിർത്തുന്നതിനായി സഊദി കീരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുതിയ നടപടികൾക്ക് നിർദേശം നൽകി. റിയാദിലെ ഭൂമിയുടെ വിലയിലും വാടകയിലും ഉണ്ടായ ഗണ്യമായ വർദ്ധനവാണ് ഇതിന് കാരണം.
റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റിയും (RCRC), എക്കണോമിക് ആൻഡ് ഡെവലപ്മെന്റ് അഫയേഴ്സ് കൗൺസിലും നഗരത്തിലെ ഹൗസിംഗ് മാർക്കറ്റ് നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ.
ഈ നടപടികളുടെ ഭാഗമായി, റിയാദിന്റെ വടക്കൻ പ്രദേശങ്ങളിൽ ഭൂമി ഇടപാടുകളിലുള്ള നിയന്ത്രണങ്ങൾ റദ്ദാക്കാൻ കിരീടാവകാശി ഉത്തരവിട്ടു. മൊത്തം 33.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശങ്ങളിൽ ഇനി ഭൂമിയുടെ വിൽക്കൽ-വാങ്ങൽ, കെട്ടിട പർമിറ്റ് നൽകൽ തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം അനുവദിക്കും.