നൂർ ദുബായ് ഫൗണ്ടേഷനും അക്കാഫ് അസോസിയേഷനും ചേർന്ന് ദുബായിലെ തൊഴിലാളികൾക്കായി സൗജന്യ നേത്രപരിശോധനയും കണ്ണടയും നൽകാനുള്ള പദ്ധതി ആരംഭിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഇയർ ഓഫ് കമ്മ്യൂണിറ്റിയുടെ ഭാഗമായാണ് റമസാൻ മാസത്തിൽ പദ്ധതി ആരംഭിക്കുന്നതെന്ന് നൂർ ദുബായ് ഫൗണ്ടേഷൻ പ്രതിനിധികളും അക്കാഫ് അസോസിയേഷൻ ഭാരവാഹികളും അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി വിവിധ ലേബർ ക്യാംപുകളിലായി ഇതുവരെ 666 പേർക്ക് സൗജന്യ നേത്രപരിശോധന നടത്തി. അതിൽ 190 പേർക്ക് കണ്ണട വിതരണം ചെയ്‌തു. 80 വനിതകളും 586 പുരുഷന്മാരുമടങ്ങുന്ന തൊഴിലാളികളാണ് ക്യാംപ് പ്രയോജനപ്പെടുത്തിയത്. ലേബർ ക്യാംപുകളിലെ അക്കാഫിന്റെ ഇഫ്താർ കിറ്റ് വിതരണത്തോടനുബന്ധിച്ചാണ് നേത്ര പരിശോധന. ഇതുവരെയായി 75,000 ഇഫ്താർ കിറ്റുകൾ ഇഫ്താർ ബോക്സ് – 6ന്റെ ഭാഗമായി ദുബായിലെ വിവിധ ലേബർ ക്യാംപുകളിൽ വിതരണം ചെയ്‌തു. വിവിധ കോളജ് അലമ്നൈ അംഗങ്ങളായ മുന്നൂറോളം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഇൗ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത്.
വൊളന്റിയർ ശംസ അൽ മുഹൈരി, അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, നൂർ ദുബായ് ഫൗണ്ടേഷന്റെ ബോർഡ് അംഗവും സിഇഒയുമായ ഡോ. മനാൽ തര്യം, നാഷണൽ ഏർലി ഡിറ്റക്‌ഷൻ പ്രോഗ്രാം മാനേജർ ഒമർ അലി, പ്രതിനിധികളായ വലീദ് ഹുസൈൻ, നൂറ അബ്‌ദുള്ള, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എസ്. ദീപു, വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ഡയറക്‌ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് റഫീഖ്, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ, മീഡിയ കൺവീനർ എ.വി. ചന്ദ്രൻ, ഇഫ്താർ ബോക്സ് – 6 ജനറൽ കൺവീനർ കെ.വി. ജോഷി, സോഷ്യൽ മീഡിയ കൺവീനർ സമീർ ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.