യുഎഇയിൽ തെറ്റായ ഒപ്പിട്ട ഒരാൾക്ക് ചെക്ക് നൽകിയാൽ ആറ് മാസത്തിൽ കുറയാത്തതും രണ്ട് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയും പിഴയും ലഭിക്കും. ചെക്ക് നൽകുന്നവരും വാങ്ങുന്നവരും നിശ്ചിത കാര്യങ്ങൾക്ക് വിധേയമായി വേണം പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ നൽകാൻ. തെറ്റായ ഒപ്പ് കാരണം ചെക്ക് ബൗൺസായാൽ ബാങ്കിന്റെ ചാർജ്ജിന് പുറമെ നിയമപ്രകാരമുള്ള പിഴയും തടവും അനുഭവിക്കേണ്ടി വരും.
‘ചെക്ക്’ (cheque) എന്ന വാക്ക് ചെക്കിന്റെ ഭാഷയിൽ തന്നെ അതിൽ ഉണ്ടായിരിക്കണം, ചെക്കിൽ എഴുതിയിരിക്കുന്ന തുക പിൻവലിക്കാൻ സാധിക്കുന്ന ചെക്കാണോ എന്ന് ഉറപ്പുവരുത്തണം, അക്കൗണ്ട് ഉടമയുടെ പേര്, പണം സ്വീകരിക്കേണ്ട വ്യക്തിയുടെ പേര് എഴുതണം, പേയ്മെൻ്റ് ചെയ്യണ്ട സ്ഥലം, ചെക്ക് പണമായി മാറേണ്ട തിയ്യതി, ചെക്ക് നൽകുന്ന വ്യക്തിയുടെ (ഡ്രോയർ) ഒപ്പ് എന്നീകാര്യങ്ങൾ യുഎഇയിൽ, ഒരു ചെക്ക് നൽകുമ്പോഴോ വാങ്ങുമ്പോഴോ അതിൽ ഉണ്ടോ എന്ന് ഉറപ്പുവരുത്തണം.
ഇപറഞ്ഞതിൽ ഏറ്റവും പ്രധാനമാണ് ഒപ്പ്. തെറ്റായ ഒപ്പിട്ട് ചെക്ക് നൽകിയാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും. പിൻവലിക്കലിനായി ചെക്ക് നൽകിയ അക്കൗണ്ട് ഉടമയുടെ ഡ്രോയി ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാതൃകാ ഒപ്പിൽ നിന്ന് വ്യത്യസ്തമായി ചെക്കിൽ ഒപ്പ് കണ്ടാൽ തടവും പിഴയുമാണ് ശിക്ഷ. ആറ് മാസത്തിൽ കുറയാത്തതും രണ്ട് വർഷത്തിൽ കൂടാത്തതുമായ തടവ് ശിക്ഷയും, കൂടാതെ/അല്ലെങ്കിൽ ചെക്കിൻ്റെ മൂല്യത്തിൻ്റെ 10 ശതമാനത്തിൽ കുറയാത്ത പിഴയും നൽകേണ്ടി വരും. ഏറ്റവും കുറഞ്ഞ തുക 5000 ദിർഹം അടയ്ക്കണം. അതേസമയം, ഒരു ചെക്കിൽ തെറ്റായി ഒപ്പിട്ടതിന് പിഴ ചെക്കിൻ്റെ മൂല്യത്തിൻ്റെ ഇരട്ടി കവിയരുത്. ചെക്കിൽ നൽകിയിട്ടുള്ള തിയ്യതിയ്ക്ക് മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യുകയോ അതിലെ മുഴുവൻ ബാലൻസും പിൻവലിക്കുകയോ മരവിപ്പിക്കുകയോ ചെയ്താലും ഇതേ ശിക്ഷ അനുഭവിക്കേണ്ടി വരും. ഇത്തരം കുറ്റങ്ങളെ വിശ്വാസ ലംഘനമായാണ് കാണുന്നത്.