കുവൈത്തിൽ് വരും ദിവസങ്ങളിൽ താപനില ഉയരും. ശനിയാഴ്ചയോടെ ഉയർന്ന താപനില 39-43 ഡിഗ്രി സെൽഷ്യസിനിടയിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.കാറ്റ് മിതമായി തുടരും. എന്നാൽ ഇടക്കിടെ ശക്തി പ്രാപിച്ച് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധ്യതയുണ്ട്. രണ്ടു ദിവസമായി രാജ്യത്ത് പ്രകടമായ അസ്ഥിരകാലാവസഥയിൽ മാറ്റം വന്നതായി കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു.
ചില പ്രദേശങ്ങളിൽ നേരിയ മൂടൽമഞ്ഞിന് സാധ്യതയുണ്ട്. ശൈത്യകാലം അവസാനിച്ചതോടെ രാജ്യം ചൂടുകാലത്തിലേക്കുള്ള മാറ്റത്തിലാണ്. നിലവിൽ പകൽ ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും രാത്രിയിൽ സുഖകരമായ കാലാവസഥയാണ്. എന്നാൽ പതിയെ ഇതിൽ മാറ്റം വരും. നിലവിൽ പകൽ ശരാശരി 40 ഡിഗ്രി സെൽഷ്യസിനടുത്ത് ഉയർന്ന ചൂട് അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയരുമെന്ന് കാലാവസഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്നു താപനിലയിൽ ക്രമാനുഗതമായ ഉയർച്ച ഉണ്ടാകും. മേയ് പകുതിയോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും.
ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചൂട് ഉയർന്ന നിലയിലെത്തും. ശൈത്യകാലത്തുനിന്നു ചൂടുകാലത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിലാണ് നിലവിൽ രാജ്യം. പ്രാദേശികമായി ‘സറായാത്ത്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഘട്ടം കഴിയുന്നതോടെ കനത്ത ചൂടുകാലത്തിലേക്ക് രാജ്യം പ്രവേശിക്കും.