സൗദി റെയിൽവേയും സൗദി ബജറ്റ് എയർലൈനായ ഫ്ളൈനാസും ഏകീകൃത ടിക്കറ്റ് ബുക്കിംഗിന് ധാരണയായി. മക്ക-മദീനയെ ബന്ധിപ്പിക്കുന്ന ഹറമൈൻ ഹൈ-സ്പീഡ് ട്രെയിൻ സർവീസുകൾക്കാണ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. ഇതോടെ ഫ്ളൈനാസിന്റെ വെബ്സൈറ്റ് വഴി ട്രെയിനും റെയിൽവേ ബുക്കിംഗ് പ്ലാറ്റ്ഫോം വഴി ഫ്ളൈനാസും ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും.
പങ്കാളിത്ത കരാറിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലാണ് പ്രഖ്യാപനം നടത്തിയത്. യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുക, വ്യോമ, റെയിൽ ഗതാഗതം സംയോജിപ്പിക്കുക, ആസൂത്രണ കാര്യക്ഷമത വർധിപ്പിക്കുക, രണ്ട് സ്ഥാപനങ്ങളുടെയും ഉപഭോക്തൃ മൂല്യം മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് സേവനം ലഭ്യമാക്കിയത്.
ഒപ്പം ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ ഗതാഗത മേഖലയെ പിന്തുണയ്ക്കുന്നതിനും പുണ്യനഗരങ്ങളിലെത്തുന്ന സന്ദർശകർക്ക് ഗുണമേന്മയേറിയ യാത്രാനുഭവം നൽകുന്നതിനും പദ്ധതി സഹായിക്കുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.