പെരുന്നാൾ അവധി ദിനങ്ങളിൽ പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. ആരോഗ്യ സേവനം ഉറപ്പാക്കാൻ 35 താൽക്കാലിക ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈദ് അവധിക്കാലത്ത് രാജ്യത്തെ 40 ശതമാനം പ്രാഥമിക മെഡിക്കൽ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കും.
കൂടാതെ, എല്ലാ ഗവർണറേറ്റുകളിലുമുള്ള നിരവധി മെഡിക്കൽ സെന്ററുകൾ അർധരാത്രി വരെ പ്രവർത്തിക്കും. മെഡിക്കൽ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവാദിയുടെയും അണ്ടർസെക്രട്ടറി ഡോ.അബ്ദുൽറഹ്‌മാൻ അൽമുതൈരിയുടെയും മേൽനോട്ടത്തിൽ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഡോ.അൽ സനദ് വ്യക്തമാക്കി.