11 വർഷം നീണ്ട യുദ്ധ ഭൂമിയിലെ ജീവിതം ; ഒടുവിൽ തൃശൂർ സ്വദേശി ദിനേശൻ നാട്ടിലേക്ക്

നീണ്ട പതിനൊന്ന് വര്‍ഷം യുദ്ധഭൂമിയില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശി ഒടുവില്‍ നാട്ടിലേക്ക്. യമനിലെ യുദ്ധഭൂമിയില്‍ പതിനൊന്ന് വര്‍ഷത്തോളം കുടുങ്ങിയ എടക്കുളം സ്വദേശിക്ക് ഒടുവില്‍ മോചനമായത്. 2014 ല്‍ യമനില്‍ എത്തിയ എടക്കുളം പടിഞ്ഞാറ്റുമുറി കുണ്ടൂര്‍ വീട്ടില്‍ പരേതനായ കൃഷ്ണന്‍കുട്ടിയുടെ മകന്‍ ദിനേശ (49) നാണ് കേന്ദ്രസര്‍ക്കാരിന്റെയും നാട്ടിലെ രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരുടെയും ഇടപെടലിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ച് എത്താനുള്ള വഴി തെളിഞ്ഞത്.

2014 ല്‍ യമനില്‍ എത്തിപ്പെട്ട സമയത്ത് ഉടലെടുത്ത ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് എജന്റുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എജന്റിന്റെ കൈവശമായിരുന്നു. രേഖകള്‍ ഒന്നുമില്ലാതെ കല്‍ പണികള്‍ ചെയ്തും കാര്യമായ വരുമാനമില്ലാതെയും ദിനേശന്‍ ജീവിതം തള്ളിനീക്കുകയായിരുന്നു. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി ഫോണില്‍ അപൂര്‍വമായി ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നുവെന്നതായിരുന്നു ഏക ആശ്വാസം.

ദിനേശിന്റെ അവസ്ഥ ഭാര്യാ സഹോദരനും പറപ്പൂക്കര പഞ്ചായത്ത് മുന്‍ മെമ്പറുമായ അനില്‍ പുന്നേല്‍ എടക്കുളത്തുള്ള ദിനേശിന്റെ സുഹൃത്തുക്കളെ കഴിഞ്ഞ വര്‍ഷം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ ഇടപെടലുകളാണ് നാട്ടില്‍ തിരിച്ച് എത്താനുള്ള നിമിത്തമായി മാറിയത്. കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഇടപെടലുകളും യമനിലെ മലയാളി സമാജവും ചേര്‍ന്ന് തിരിച്ച് വരാനുള്ള ഏഴ് ലക്ഷത്തോളം രൂപ കണ്ടെത്തി ദിനേശന് സ്വദേശത്തേക്ക് തിരിച്ചെത്താനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു. ഭാര്യ അനിത, മക്കളായ കൃഷ്ണവേണി, സായ്കൃഷ്ണ എന്നിവര്‍ ഇപ്പോള്‍ നെടുമ്പാളിലുള്ള സഹോദരനോടൊപ്പമാണ് കഴിയുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *