തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐഎം 24 ആം പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കാൻ ദുബായിൽ നിന്നുള്ള പ്രതിനിധിയായി എൻ കെ കുഞ്ഞഹമ്മദ് പങ്കെടുക്കുന്നു. മുഴുവൻ ജിസിസി രാജ്യങ്ങളിൽ നിന്നുമായി പങ്കെടുക്കാൻ ക്ഷണം ലഭിച്ച ആകെ രണ്ടു പ്രതിനിധികളിൽ ഒരാളായിട്ടാണ് ദുബായിൽ നിന്നുള്ള ലോകകേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ കുഞ്ഞഹമ്മദ് പങ്കെടുക്കുന്നത്.
യു എ ഇ യിലെ പ്രധാനപ്പെട്ട സാംസകാരിക കൂട്ടായ്മയായ ‘ഓർമ’യുടെ ആദ്യ കൺവീനർ എന്ന നിലയിലും യു എ ഇ പ്രവാസികൾക്ക് സുപരിചിതനായ എൻ കെ കുഞ്ഞഹമ്മദ് കഴിഞ്ഞ മൂന്ന് ടേമിലും ലോക കേരളസഭാംഗമാണ്. 1982 മുതൽ 92 വരെ SFI യുടെ ജില്ലാനേതൃത്വത്തിൽ വിദ്യാർഥി രംഗത്തും പിന്നീട് ഡി വൈ എഫ് ഐ ജില്ലാ നേതൃത്വത്തിൽ യുവജന പ്രസ്ഥാനത്തിൻറെ ഭാഗമായും പ്രവർത്തിച്ചുവന്നിരുന്ന എൻ കെ കുഞ്ഞഹമ്മദ് സിപിഐ (എം )പാർട്ടി ലോക്കൽ കമ്മിറ്റി അംഗം എന്ന നിലയിൽ പ്രവർത്തിച്ചു വരുന്ന കാലത്താണ് പ്രവാസം ആരംഭിക്കുന്നത്.
ദുബായിൽ ജോലി ചെയ്യുന്ന കാലത്തും പുരോഗമന ആശയങ്ങളുമായി ബന്ധപ്പെട്ട് ഇടതു പുരോഗമന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. ദുബായ് ആര്ട്ട് ലവേർസ് അസോസിയേഷൻ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട് . നിലവിൽ ഇഎംഎസ് ഹോസ്പിറ്റൽ ഡയറക്ടർ ബോർഡ് അംഗവുമാണ്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്