യുകെ യിൽ മലയാളി നഴ്‌സ്‌ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

ബെക്സ്ഹിൽ ∙: യു കെയിൽ മലയാളിയായ നഴ്‌സ്‌ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സായ നിമ്യ മാത്യൂസ് ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു. 34 വയസ്സായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ജോലിയിൽ പ്രവേശിച്ചത്. വിദഗ്ധ പരിശോധനയിൽ തലയിൽ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച കുഴഞ്ഞു വീണ നിമ്യയെ അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് തിങ്കളാഴ്ച രാത്രിയോടെ ബ്രൈറ്റണിലെ എൻഎച്ച്എസ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന നിമ്യ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങി. ജനുവരി അവസാനത്തോടെയാണ് ഈസ്റ്റ് സസെക്സിലെ ബെക്സ്ഹിൽ എൻഎച്ച്എസ് ഹോസ്പിറ്റലിൽ നിമ്യ ജോലിയിൽ പ്രവേശിച്ചത്. മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ ഭർത്താവ് ലിജോ ജോർജും മൂന്നര വയസ്സുകാരനായ മകനും അടുത്തിടെയാണ് യുകെയിൽ എത്തിയത്.

സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബവും നിമ്യയുടെ തിരിച്ചു വരവിനായി പ്രാർഥനയോടെ കാത്തിരുന്നുവെങ്കിലും എല്ലാ പ്രാർഥനകളും വിഫലമാക്കിയാണ് നിമ്യ മരണത്തിന് കീഴടങ്ങിയത്. സംസ്കാരം പിന്നീട് നാട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *