യുഎസിലെ ജിമ്മിൽ വച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

യുഎസിലെ ജിമ്മിൽ വച്ച് കുത്തേറ്റ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. 24കാരനായ വരുൺ രാജ് പുച്ചെ ആണ് മരിച്ചത്. അമേരിക്കൻ സ്റ്റേറ്റായ ഇന്ത്യാനയിലാണ് സംഭവം. ജോർദാൻ അൻഡ്രേഡയെന്ന 24കാരനാണ് വരുണിനെ കുത്തിയത്.അമേരിക്കയിലെ വാൽപാർസിയോ സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു വരുൺ. ഒക്ടോബർ 29നാണ് വരുണിന് കുത്തേറ്റത്. തലയ്‌ക്ക് മാരകമായി പരിക്കേറ്റ വരുൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊലപാതകക്കുറ്റം ചുമത്തി ജോർദാനെതിരെ കേസെടുത്തിട്ടുണ്ട്. വരുൺ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് വധിച്ചതെന്നാണ് ജോർദാൻ പൊലീസിനോട് പറഞ്ഞത്.

ആക്രമണത്തിന് മുമ്പ് വരുണിനോട് സംസാരിച്ചിട്ടില്ലെന്നും ജിമ്മിലുള്ള മറ്റാരോ പറഞ്ഞാണ് ഭീഷണിപ്പെടുത്തിയ വിവരം അറിഞ്ഞതെന്നും ഇയാളുടെ മൊഴിയിലുണ്ട്. എന്നാൽ, വരുൺ സ്ഥിരം ജിമ്മിലെത്തുന്ന ആളാണെന്നും മറ്റുള്ളവരോട് മാന്യമായി സംസാരിക്കുന്ന വ്യക്തിയുമാണെന്നാണ് ട്രെയിനർ പറയുന്നത്. ഇത്രയും കാലത്തിനിടെ വരുണിന്റെ ഭാഗത്ത് നിന്നും മോശമായ ഒരു കാര്യവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരുൺ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയാണ് മരണവിവരം വീട്ടുകാരെ അറിയിച്ചത്. വരുണിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ആവശ്യമായ എല്ലാ സഹായവും പിന്തുണയും നൽകുമെന്നും യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *